| Wednesday, 12th June 2019, 10:31 am

ട്രെയിനപകടം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്റെ വസ്ത്രം വലിച്ചുകീറി, വായില്‍ മൂത്രമൊഴിച്ചുകൊടുത്തു: റെയില്‍വേ പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ട്രെയില്‍ പാളംതെറ്റിയത് റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ റെയില്‍വേ പൊലീസ്‌ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ ഷാംലി നഗരത്തിനു സമീപം ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റിയത് റിപ്പോര്‍ട്ടു ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകനെയാണ് ജി.ആര്‍.പി ഉദ്യോഗസ്ഥര്‍ ആക്രമിച്ചത്.

ന്യൂസ്24 ലെ റിപ്പോര്‍ട്ടറാണ് ആക്രമിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ വസ്ത്രം വലിച്ചു കീറുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

‘അവര്‍ സാധാരണ വസ്ത്രത്തിലായിരുന്നു. ഒരാള്‍ എന്റെ ക്യാമറ തട്ടി താഴെയിട്ടു. അതെടുക്കാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ എന്നെ അടിക്കുകയും അവഹേളിക്കുകയുമായിരുന്നു. എന്നെ പൂട്ടിയിട്ട് വസ്ത്രം വലിച്ചു കീറി, വായില്‍ മൂത്രമൊഴിച്ചു.’ ആക്രമണത്തിന് ഇരയായ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

സംഭവത്തെ തുടര്‍ന്ന് ജി.ആര്‍.പി ഇന്‍സ്‌പെക്ടര്‍ രാകേഷ് കുമാറിനെയും കോണ്‍സ്റ്റബിള്‍ സഞ്ജയ് പവാറിനെയും മൊറാദാബാദ് പൊലീസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര ദുബെ സസ്‌പെന്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകനെ ചീത്തവിളിച്ചത് ഇവര്‍ രണ്ടുപേരുമായിരുന്നു.

മൊറാബാദ് ജി.ആര്‍.പി എസ്.പിയ്ക്ക് കേസ് കൈമാറിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്.

മാധ്യമപ്രവര്‍ത്തകനെ വലിച്ചിഴച്ച് ജി.ആര്‍.പി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുകയും തടവിലാക്കുകയുമായിരുന്നു. ബുധനാഴ്ച രാവിലെ മോചിപ്പിക്കാനുളള ഉത്തരവ് വന്നതുവരെ അദ്ദേഹം തടവില്‍ തന്നെയായിരുന്നു.

റെയില്‍വേ പൊലീസ് സേനയെ വിമര്‍ശിച്ച് താന്‍ ചെയ്ത റിപ്പോര്‍ട്ടുകളാണ് ആക്രമണത്തിന് കാരണമെന്ന് മാധ്യമപ്രവര്‍ത്തകന്‍ പൊലീസ് സ്റ്റേഷന് പുറത്തു പ്രതിഷേധിച്ച സഹപ്രവര്‍ത്തകരോട് പറഞ്ഞു.

We use cookies to give you the best possible experience. Learn more