ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സാനിറ്റൈസര്‍ ഉപയോഗിച്ചാണ് ഇരുവരെയും സ്വന്തം മുറിയില്‍ വെച്ച് കത്തിച്ചു കൊലപ്പെടുത്തിയത്.
ഉത്തര്‍പ്രദേശിലെ ഹിന്ദി ഭാഷ ദിനപ്പത്രമായ ‘രാഷ്ട്രീയ സ്വരൂപി’ല്‍ ജോലി ചെയ്തുവരികയായിരുന്ന രാകേഷ് സിംഗ് ‘നിര്‍ബീകി’നെയും സുഹൃത്തായ പിന്റു സാഹുവിനെയും നവംബര്‍ 27നാണ് കല്‍വാരി ഗ്രാമത്തിലെ വീട്ടില്‍ വെച്ച് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
പിന്റു സാഹു സംഭവസ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു. ആശുപത്രിയിലെത്തിച്ചെങ്കിലും രാകേഷ് സിംഗ് മരണപ്പെടുകയായിരുന്നു.
രണ്ട് കാരണങ്ങളായിരിക്കാം രാകേഷ് സിംഗിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പഞ്ചായത്ത് പ്രസിഡന്റ് പല ഫണ്ടുകളിലും തിരിമറികള്‍ നടത്തിയതായി രാകേഷ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
അതേസമയം തന്നെ കേസില്‍ അറസ്റ്റിലായ ലളിത് മിശ്ര എന്നയാളുമായി രാകേഷിന്റെ സുഹൃത്ത് പിന്റുവിന് തര്‍ക്കം നിലനിന്നിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട പണമിടപാടുകളാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക