എല്ലാം ചെയ്തിട്ട് അവര്‍ ഞങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുകയാണ്, കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഉത്തര്‍പ്രദേശാണ് ഒന്നാം സ്ഥാനത്ത്: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് അഖിലേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സര്‍ക്കാറിന്റെ കാലത്ത് നിയമലംഘനങ്ങള്‍ ഉണ്ടായതിന് സമാജ്‌വാദി പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്നതായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കള്ളം പറഞ്ഞ് വോട്ടര്‍മാരെ കബളിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഉത്തര്‍പ്രദേശ് ഒന്നാം സ്ഥാനത്താണെന്നും അഖിലേഷ് യാദവ് ആരോപിച്ചു.

‘നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡാറ്റ കൊണ്ടുവരണം. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലും കസ്റ്റഡി മരണങ്ങളിലുമെല്ലാം യു.പി ഒന്നാം സ്ഥാനത്താണ്,’ അദ്ദേഹം പറഞ്ഞു.

ഒരു ഐ.പി.എസ് ഓഫീസ് ഇല്ലാതായതായി നിങ്ങള്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ. നീതിന്യായ വ്യവസ്ഥയെ സംരക്ഷിക്കാതെ അവര്‍ നമുക്ക് നേരെ വിരല്‍ ചൂണ്ടുന്നു. ബി.ജെ.പി സര്‍ക്കാര്‍ ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.

‘ഹത്രാസില്‍ സംഭവിച്ചത് എങ്ങനെ മറക്കും? പൊലീസും സര്‍ക്കാറും അവിടെ എന്താണ് ചെയ്തത്. ലഖിംപൂരില്‍ എന്താണ് സംഭവിച്ചത്? ലഖ്നൗവില്‍ ആപ്പിള്‍ കച്ചവടക്കാരന് എന്ത് സംഭവിച്ചു? അവന്‍ കൊല്ലപ്പെട്ടു. ഗോരഖ്പൂരില്‍ വ്യവസായിയെ അടിച്ചുകൊന്നു. ആളുകള്‍ ഇതെല്ലാം ഓര്‍ക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ നിലവിലെ സര്‍ക്കാറിനെ എതിരായാണ് വോട്ട് ചെയ്യാനിറങ്ങിയത്. രണ്ടും മൂന്നും ഘട്ടങ്ങളിലും സമാനമായ അവസ്ഥയായിരിക്കും ഉണ്ടാവുകയെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം അഖിലേഷ് യാദവിന് ഉറക്കം നഷ്ടപ്പെട്ടെന്നും മാര്‍ച്ച് 7 വരെ ഏഴ് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ 403 സീറ്റുകളില്‍ 300-ലധികം സീറ്റുകള്‍ നേടാനുള്ള ശ്രമത്തിലാണ് ബി.ജെ.പിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.

ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവ് എന്താണ് ചെയ്തത്. സംസ്ഥാനത്ത് ബി.ജെ.പി നിയമവാഴ്ച പുനസ്ഥാപിക്കുകയും ക്രമസമാധാനം നിലനിര്‍ത്തുകയും ചെയ്തുവെന്ന് തനിക്ക് അദ്ദേഹത്തോട് പറയാന്‍ ആഗ്രഹമുണ്ട്. തങ്ങള്‍ എല്ലാ കുറ്റകൃത്യങ്ങളും കുറയ്ക്കുകയും ഗുണ്ടകളുടെയും മാഫിയയുടെയും ഭരണം ഇല്ലാതാക്കുകയും ചെയ്‌തെന്നും അമിത് ഷാ പറഞ്ഞു.

ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശിലെ 403 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് മൂന്ന്, മാര്‍ച്ച് ഏഴ് ദിവസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ ഫെബ്രുവരി 20നാണ് അഖിലേഷ് യാദവിന്റെ മണ്ഡലമായ കര്‍ഹാലിലും ആറാം ഘട്ടമായ മാര്‍ച്ച് മൂന്നിനാണ് യോഗിയുടെ മണ്ഡലമായ ഗൊരഖ്പൂരിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.


Content Highlights: UP Is No. 1 In Crimes Now And They Point Fingers At Us: Akhilesh Yadav