national news
"മറ്റൊരാളുടെ ചെരിപ്പും വാച്ചും വാഹനങ്ങളുമൊന്നും ശ്രദ്ധിക്കരുതായിരുന്നു"; ബി.എസ്.പി നേതാക്കള്‍ക്കെതിരെ ജാതീയ അധിക്ഷേപം നടത്തി ഐ.എ.എസ് ഉദ്യോഗസ്ഥന്‍: പ്രതിഷേധത്തിനൊടുവില്‍ പരസ്യ മാപ്പ് പറച്ചില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2019, 2:50 pm

ബസ്തി: ആഡംബര വാഹനവും കാറും ഉപയോഗിച്ചതിന്റെ പേരില്‍ ബി.എസ്.പിയുടെ ദളിത് നേതാക്കളെ അധിക്ഷേപിച്ച ഉത്തര്‍പ്രദേശിലെ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പരസ്യമായി മാപ്പ് പറഞ്ഞു. തന്റെ ഭാഗത്താണ് തെറ്റെന്നും അത് മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ ഒരു പ്രൈമറി സ്‌കൂള്‍ സന്ദര്‍ശിക്കാനെത്തിയ ദളിത് നേതാക്കളുടെ ‘വാച്ചിനെയും ഷൂസിനെയും കാറിനെയും കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘എന്റെ ഭാഗത്താണ് തെറ്റ്. മറ്റൊരാളുടെ ചെരിപ്പും വാച്ചും വാഹനങ്ങളുമൊക്കെ ശ്രദ്ധിക്കുന്നത് മോശം കാര്യമാണ്. അന്ന് ഇത് എനിക്ക് മനസിലായിരുന്നില്ലെങ്കിലും ഇന്ന് ഞാന്‍ തെറ്റ് മനസിലാക്കുന്നു. ഞാന്‍ മാപ്പ് പറയുന്നുവെന്നും’ ജില്ലാ മജിസ്ര്‌ടേറ്റ്
ഭവാനി സിംഗ് ഖംഗോറത്ത് പറഞ്ഞു. ട്വീറ്ററിലൂടെയായിരുന്നു ഇദ്ദേഹം മാപ്പ് പറഞ്ഞത്.

ആഗസ്റ്റ് 29 നായിരുന്നു സംഭവം നടന്നത്. റാംപൂര്‍ പ്രൈമറി സ്‌ക്കൂളില്‍ താഴ്ന്ന ജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ വിവേചനം നേരിടുന്നുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്‌ക്കൂളില്‍ എത്തിയതായിരുന്നു ജില്ലാ മജിസ്‌ട്രേറ്റായ ഭവാനിസിംഗ്. ഇദ്ദേഹം എത്തുന്നതിന് മുന്‍പ് തന്നെ ബി.എസ്.പി നേതാക്കള്‍ സ്‌ക്കൂളില്‍ എത്തിയിരുന്നു.

സ്‌ക്കൂളിന് പുറത്ത് ആഡംബര കാറുകള്‍ കണ്ട് താന്‍ അത്ഭുതപ്പെട്ടുപോയെന്നായിരുന്നു ജില്ലാ മജിസ്ട്രറ്റിന്റെ പരാമര്‍ശം.

‘അവര്‍ ഏത് പാര്‍ട്ടിക്കാരാണെന്ന് എനിക്കറിയില്ല, പക്ഷേ അവരുടെ വസ്ത്രധാരണത്തില്‍ നിന്ന്, വെളുത്ത വസ്ത്രങ്ങള്‍, വില കൂടിയ ഷൂസുകള്‍, വിലകൂടിയ വാച്ചുകള്‍ എന്നിവയില്‍ നിന്ന് അവര്‍ രാഷ്ട്രീയക്കാരാണെന്നും വലിയവരും ധനികരുമാണെന്ന് തോന്നുന്നു,”എന്നായിരുന്നു അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

പിന്നീട് ബി.എസ്.പി സോണല്‍ കോഡിനേറ്ററോടും ഇദ്ദേഹം ഇതേ കാര്യം പറയുന്ന വീഡിയോ പുറത്ത് വരികയായിരുന്നു. വീഡിയോയില്‍ 25 ലക്ഷം രൂപയുടെ വാഹനം എങ്ങനെ കിട്ടിയെന്ന് മജിസ്‌ട്രേറ്റ് ബി.എസ്.പി നേതാവിനോട് ചോദിക്കുന്നതിനോടൊപ്പം അവരുടെ ഷൂസിന്റേയും വാച്ചിന്റെയും വിലയും അന്വേഷിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത് കൂടാതെ ബി.എസ്.പി നേതാക്കള്‍ നാടകം കളിക്കുകയാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞിരുന്നു. പിന്നാലെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിടയാക്കിതോടെയാണ് മജിസ്‌ട്രേറ്റ പരസ്യമായി മാപ്പ് പറഞ്ഞത്.