കന്‍വാര്‍ തീര്‍ത്ഥാടനം; ഹോട്ടല്‍ ഉടമകൾ മുസ്‌ലിമാണെന്ന് തിരിച്ചറിയാന്‍ പേര് ഉള്‍പ്പെട്ട ബോര്‍ഡ് സ്ഥാപിക്കണമെന്ന് യു.പി പൊലീസ്
national news
കന്‍വാര്‍ തീര്‍ത്ഥാടനം; ഹോട്ടല്‍ ഉടമകൾ മുസ്‌ലിമാണെന്ന് തിരിച്ചറിയാന്‍ പേര് ഉള്‍പ്പെട്ട ബോര്‍ഡ് സ്ഥാപിക്കണമെന്ന് യു.പി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th July 2024, 9:20 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ തീര്‍ത്ഥാടകര്‍ക്ക് അവര്‍ കയറുന്ന കടകള്‍ മുസ്‌ലിം ഉടമസ്ഥതയിലുള്ളതാണെന്ന് തിരിച്ചറിയാന്‍ ഉടമയുടെ പേര് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കടക്ക് മുന്നില്‍ സ്ഥാപിക്കണമെന്ന് യു.പി പൊലീസ്.

മുസാഫര്‍നഗര്‍ ജില്ലയിലെ റസ്‌റ്റോറന്റുകള്‍, പഴക്കടകള്‍, വഴിയോര ധാബകള്‍ എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

പേര് വ്യക്തമാക്കണമെന്ന് കാട്ടി കടയുടമകള്‍ക്ക് പൊലീസ് നോട്ടീസ് അയക്കുകയും ചെയ്തു. കന്‍വാര്‍ യാത്ര സമാധാനപരമായി നടത്തുക എന്നതാണ് നടപടിയുടെ ലക്ഷ്യമെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനും പേരുകള്‍ പ്രദര്‍ശിപ്പിക്കാന്‍ എല്ലാ ഹോട്ടല്‍ മാനേജ്‌മെന്റുകള്‍ക്കും ധാബ ഉടമകള്‍ക്കും നിര്‍ദേശം നല്‍കിയ വിവരം മുസഫര്‍നഗര്‍ പൊലീസ് തന്നെയാണ് എക്‌സില്‍ പങ്കുവെച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പിന്നാലെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

കന്‍വാരിയാസ് എന്നറിയപ്പെടുന്ന ശിവഭക്തരുടെ വാര്‍ഷിക തീര്‍ത്ഥാടനമാണ് കന്‍വാര്‍ യാത്ര. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, ഗൗമുഖ്, ഗംഗോത്രി എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കും, ബീഹാറിലെ ഭഗല്‍പൂരിലെ സുല്‍ത്താന്‍ഗഞ്ചിലെ അജ്‌ഗൈബിനാഥിലേക്കും ഗംഗാ നദിയിലെ പുണ്യജലം കൊണ്ടുവരാന്‍ വേണ്ടിയാണ് അവര്‍ യാത്ര നടത്തുന്നത്.

കഴിഞ്ഞ വര്‍ഷം, കന്‍വാര്‍ യാത്രയ്ക്കിടെ മുസ്‌ലിം സമുദായം അവരുടെ കടകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും പേരുകള്‍ നല്‍കുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഈ വര്‍ഷം തീര്‍ഥാടകര്‍ക്ക് ശരിയായ സ്ഥലത്ത് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും കഴിയുന്ന തരത്തില്‍ എല്ലാ ഭക്ഷണശാലകളും ഹോട്ടലുകളും അവരുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ആവശ്യം.

സംഭവത്തിനെതിരെ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തി. നീക്കത്തെ ഹിറ്റ്ലറുടെ നയങ്ങളോടാണ് ഉവൈസി താരതമ്യം ചെയ്തത്.

‘യു.പി പൊലീസിന്റെ ഉത്തരവനുസരിച്ച്, ഹോട്ടലുടമയും വണ്ടി ഉടമയും തന്റെ പേര് ബോര്‍ഡില്‍ ഇടേണ്ടിവരും. അതിനാല്‍ ഒരു തീര്‍ത്ഥാടകനും അബദ്ധവശാല്‍ പോലും മുസ്‌ലിം ഉടമയുടെ കടയില്‍ കയറില്ല. ഇതിനെ ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനം എന്നും ഹിറ്റ്‌ലറുടെ ജര്‍മനിയില്‍ ‘ജൂതന്‍ബോയ്‌കോട്ട്’ എന്നുമാണ് വിളിച്ചിരുന്നത്,’ ഉവൈസി പറഞ്ഞു.

Content Highlight: UP: Hotels asked to display names ahead of Kanwar Yatra