national news
സവര്‍ണ ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിനു ദലിത് യുവാവിനെ ചുട്ടുകൊന്നു; മരണവാര്‍ത്തയറിഞ്ഞ് മാതാവും മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 16, 02:58 pm
Monday, 16th September 2019, 8:28 pm

ഹര്‍ദോയ്: സവര്‍ണ ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിനു ദലിത് യുവാവിനെ ചുട്ടുകൊന്നു. വിവരമറിഞ്ഞ് യുവാവിന്റെ മാതാവും മരണപ്പെട്ടു.

ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലെ ഭദേസ പ്രദേശത്താണ് സംഭവം. 20 കാരനായ അഭിഷേക് അലിയാസ് മോനുവിനെയാണ് ശനിയാഴ്ച ചുട്ടുകൊന്നതെന്ന് പൊലിസ് സൂപ്രണ്ട് അലോക് പ്രിയദര്‍ശി പറഞ്ഞു.

യുവാവിനെ മാര്‍ദ്ദിച്ചതിനു ശേഷം ചുട്ടുകൊല്ലുകയായിരുന്നുവെന്ന് അലോക് പ്രിയദര്‍ശി പറഞ്ഞു. പ്രണയിക്കുന്ന പെണ്‍കുട്ടിയെ കാണാന്‍ പോയി മടങ്ങി വരുമ്പോഴാണ് സംഭവം.

അസുഖബാധിതയായ മാതാവ് റാം ബേട്ടിയുടെ ചികില്‍സയ്ക്കായി പണം സംഘടിപ്പിച്ച് വീട്ടിലേക്ക് മടങ്ങവേയാണ് യുവാവിനെ കൊലപ്പെടുത്തുന്നതെന്ന് അമ്മാവന്‍ രാജു പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വഴിമധ്യേ ഏതാനും പേര്‍ അഭിഷേകിനെ തടഞ്ഞുനിര്‍ത്തി പണം തട്ടിപ്പറിച്ച ശേഷം ക്രൂരമായി മര്‍ദ്ദിച്ച് കത്തിക്കുകയായിരുന്നെന്ന് അമ്മാവന്‍ പറഞ്ഞു. കൊല്ലപ്പെട്ടത് പെണ്‍കുട്ടിയുമായി കണ്ട സ്ഥലത്തിന് അടുത്തു വെച്ചാണെന്നും അമ്മാവന്‍ പറഞ്ഞു.

യുവാവിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. പിറ്റേന്ന് ലഖ്നൗവിലെ ആശുപത്രിയിലേക്ക് മാറ്റവെ വഴിമധ്യേ മരണപ്പെടുകയായിരുന്നു.

മകന്റെ മരണവാര്‍ത്ത അറിഞ്ഞ ശേഷമാണ് മാതാവ് മരണപ്പെട്ടതെന്നും അമ്മാവന്‍ ആരോപിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കളും രണ്ട് അയല്‍വാസികളും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പൊലിസ് കേസെടുത്തു.