national news
'ഹോളി ഇനി ഹിന്ദുക്കൾ മാത്രം അഘോഷിച്ചാൽ മതി'; ഇതരമത വിഭാഗങ്ങൾ ഹോളി ആഘോഷിക്കുന്നത് വിലക്കണമെന്ന് തീവ്രഹിന്ദുത്വ സംഘടനകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 03, 01:02 am
Monday, 3rd March 2025, 6:32 am

ലഖ്‌നൗ: ഹോളി ആഘോഷത്തിൽ നിന്നും ഇതര മതസ്ഥരെ വിലക്കണമെന്ന ആവശ്യവുമായി തീവ്രഹിന്ദുത്വ സംഘടനകൾ. വരാനിരിക്കുന്ന ഹോളി ആഘോഷങ്ങളിൽ മുസ്‌ലിങ്ങൾ പങ്കെടുക്കുന്നത് വിലക്കണമെന്ന് ഉത്തർപ്രദേശിലെ വൃന്ദാവൻ ആസ്ഥാനമായുള്ള ഹിന്ദു ദേശീയ സംഘടനയായ ധരം രക്ഷാ സംഘം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെടുകയായിരുന്നു.

മഥുര, വൃന്ദാവൻ, നന്ദ്ഗാവ്, ബർസാന, ഗോകുൽ, ദൗജി തുടങ്ങിയ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ നടക്കുന്ന ഹോളി ആഘോഷങ്ങളിൽ മുസ്‌ലിങ്ങൾക്ക് പ്രവേശനം നിരോധിക്കാൻ തങ്ങൾ തീരുമാനിച്ചതായി ധരം രക്ഷാ സംഘത്തിന്റെ ദേശീയ പ്രസിഡന്റ് സൗരഭ് ഗൗർ പറഞ്ഞു.

‘മഥുര, വൃന്ദാവൻ, നന്ദ്ഗാവ്, ബർസാന, ഗോകുൽ, ദൗജി തുടങ്ങിയ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ നടക്കുന്ന ഹോളി ആഘോഷങ്ങളിൽ മുസ്‌ലിങ്ങൾക്ക് പ്രവേശനം നിരോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു,’ സൗരഭ് ഗൗർ പറഞ്ഞു.

സനാതൻ സമൂഹത്തിന് ഹോളി സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഉത്സവമാണെന്ന് സംഘടന പ്രഖ്യാപിക്കുകയും അതിനാൽ തന്നെ മുസ്‌ലിങ്ങൾ നിറങ്ങൾ വിൽക്കുന്നതിലോ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിലോ ഇടപെടുന്നതിനെ ശക്തമായി തങ്ങൾ എതിർക്കുമെന്നും സംഘടന പറഞ്ഞു.

മുസ്‌ലിങ്ങളെ തങ്ങൾ ഒരു ഭീഷണിയായി കാണുന്നുവെന്നും അവർ പരിപാടിയിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചേക്കാൻ സാധ്യതയുണ്ടെന്നും ഗൗർ ആരോപിച്ചു.

ധരം രക്ഷാ സംഘത്തിന്റെ ദേശീയ കോർഡിനേറ്റർ ആചാര്യ ബദ്രിഷ് മുസ്‌ലിങ്ങളെ ‘വിഘടനവാദികളെന്നും ജിഹാദികളെന്നും വിളിക്കുകയും ചെയ്തു. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഗർബ ആഘോഷങ്ങളിൽ മുസ്‌ലിങ്ങൾ പങ്കെടുക്കുന്നതിന് ഏർപ്പെടുത്തിയതിന് സമാനമായ നിരോധനം നടപ്പിലാക്കാൻ സംഘടന യു.പി സർക്കാരിനോട് ആവശ്യപ്പെട്ടു.

‘വർണ്ണങ്ങളെയും ഗുലാലിനെയും അവർ എതിർക്കുന്നതിനാൽ, ഞങ്ങളുടെ ഹോളി ആഘോഷങ്ങളിൽ അവർക്ക് സ്ഥാനമില്ല,’ ആചാര്യ ബദ്രിഷ് പറഞ്ഞു. മുസ്‌ലിങ്ങൾ പ്രശ്നമുണ്ടാക്കില്ലെന്ന് ഹിന്ദുക്കൾക്ക് രേഖാമൂലമുള്ള ഉറപ്പ് നൽകിയാൽ മാത്രം അവരെ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കാമെന്ന് ബദ്രിഷ് പറഞ്ഞു. അല്ലെങ്കിൽ, അവരെ അകറ്റി നിർത്തണം, സർക്കാർ അത് ഉറപ്പാക്കണം ബദ്രിഷ് കൂട്ടിച്ചേർത്തു.

അതേസമയം, ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് തർക്കത്തിലെ ഹരജിക്കാരനായ ദിനേശ് ശർമ, ഹോളി ആഘോഷങ്ങളിൽ മുസ്‌ലിങ്ങൾക്ക് പ്രവേശനം നൽകരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രക്തം കൊണ്ട് ഒരു കത്തെഴുതി. ആഘോഷ വേളകളിൽ മുസ്‌ലിങ്ങൾ മധുരപലഹാരങ്ങളിൽ തുപ്പുമെന്ന് ശർമ ആരോപിച്ചു.

അതേസമയം ഷാഹി ഈദ്ഗാഹ് ഇന്റസാമിയ കമ്മിറ്റി സെക്രട്ടറി തൻവീർ അഹമ്മദ്, ഈ പ്രസ്താവനകൾ ഭിന്നിപ്പിക്കുന്നതും വർഗീയ വിദ്വേഷം നിറഞ്ഞതുമാണെന്ന് വിമർശിച്ചു.

‘ഹോളി ഇവിടെ എപ്പോഴും സ്നേഹത്തോടും സമാധാനത്തോടും കൂടിയാണ് ആഘോഷിക്കുന്നത്. ഒരു സമൂഹത്തിൽ നിന്നും ഒരിക്കലും പരാതി ഉണ്ടായിട്ടില്ല. കൃഷ്ണ ഭക്തരായ റാസ് ഖാൻ, താജ് ബീബി തുടങ്ങിയവരൊക്കെയും ഇവിടെ നിന്നുള്ളവരാണ്,’ അദ്ദേഹം പറഞ്ഞു.

 

Content Highlight: UP: Hindutva outfits seeks ban on other religious communities from Holi festivities