ലഖ്‌നൗ: ഉത്തർപ്രദേശിലെ ഝാൻസി ഹോസ്പിറ്റലിൽ ഉണ്ടായ തീ പിടിത്തത്തിൽ 7 കുഞ്ഞുങ്ങളെ രക്ഷിച്ച യുവാവിന് തൻ്റെ ഇരട്ട പെൺമക്കളെ നഷ്ടപ്പെട്ടു. വെള്ളിയാഴ്ച മഹാറാണി ലക്ഷ്മി ബായി മെഡിക്കൽ കോളേജിലുണ്ടായ വൻ തീപിടിത്തത്തിൽ കൊല്ലപ്പെട്ട തൻ്റെ ഇരട്ടക്കുട്ടികൾക്കും മറ്റ് ഒമ്പത് പേർക്കും നീതി തേടുകയാണ് അദ്ദേഹം. സ്വന്തം കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിയാതിരുന്ന ഉത്തർപ്രദേശുകാരനായ യാക്കൂബ് മൻസൂരി മറ്റ് മാതാ പിതാക്കൾക്കൊപ്പം നീതി തേടുകയാണ്.
ജനൽ തകർത്ത് അകത്ത് കയറിയാണ് യാക്കൂബ് കുഞ്ഞുങ്ങളെ രക്ഷിച്ചത്.
‘ആരും അകത്ത് കയറാൻ ധൈര്യപ്പെട്ടിരുന്നില്ല. അത്രക്ക് ഭയാനകമായ അവസ്ഥ ആയിരുന്നു. കനത്ത പുകയും തീജ്വാലയും രക്ഷാപ്രവർത്തനം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാക്കി. ഞാൻ ജനൽ തകർത്ത് അകത്ത് കയറി.
എൻ്റെ പെൺമക്കളെ പ്രവേശിപ്പിച്ച വാർഡിൽ തീ ശക്തമായതിനാൽ എനിക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. മറ്റ് മാതാപിതാക്കളും ശ്രമിച്ചു, പക്ഷേ അവരും പരാജയപ്പെട്ടു. തുടർന്ന് ഞങ്ങൾ മറ്റ് വാർഡുകളിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാൻ തുടങ്ങി. ഞാൻ ഏഴ് കുട്ടികളെ പുറത്തെടുത്തു. എനിക്ക് രണ്ട് പെൺമക്കളുണ്ടായിരുന്നു. എനിക്ക് അവരെ നഷ്ടപ്പെട്ടു. “ഞങ്ങളുടെ കുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.,’ യാക്കൂബ് പറയുന്നു.
വെള്ളിയാഴ്ച രാത്രി 10 കുഞ്ഞുങ്ങൾ മരണപ്പെട്ടിരുന്നു. , ഞായറാഴ്ച മറ്റൊരു കുഞ്ഞ് കൂടി മരണപ്പെട്ടു. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നും ഓക്‌സിജൻ സിലിണ്ടറുകളുടെ സാന്നിധ്യം സ്ഥിതിഗതികൾ വഷളാക്കുന്നുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ പറയുന്നു. ഐ.സി.യുവിലെ അഗ്നിശമന ഉപകരണങ്ങളുടെ കാലാവധി നാല് വർഷം മുമ്പ് അവസാനിച്ചതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാനും അതിൻ്റെ കാരണം കണ്ടെത്താനും അശ്രദ്ധയുണ്ടോ എന്ന് കണ്ടെത്താനും ഉത്തർപ്രദേശ് സർക്കാർ നാലംഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
Content Highlight: UP hero saved 7 infants in Jhansi hospital fire, but lost his twin daughters