| Friday, 28th June 2024, 11:43 am

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വി; യു.പിയില്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് കൂട്ട സ്ഥലംമാറ്റം; ബി.ജെ.പി തോറ്റ 11 ഇടത്തേയും ജഡ്ജിമാരെ മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ യു.പിയില്‍ ജഡ്ജിമാര്‍ക്കും ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കും കൂട്ട സ്ഥലംമാറ്റം. ബി.ജെ.പി തോറ്റ പ്രധാനമണ്ഡലങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരേയും ജഡ്ജിമാരേയുമാണ് യോഗി സര്‍ക്കാര്‍ സ്ഥലംമാറ്റിയത്.

12 ജില്ലാ മജിസ്ട്രേറ്റുമാരെയാണ് ആദ്യഘട്ടത്തില്‍ സ്ഥലം മാറ്റിയത്. ഇതില്‍ 11 ജില്ലകളിലും ബി.ജെ.പി പരാജയപ്പെട്ടതാണ്. രാഷ്ട്രീയ പകപോക്കലാണ് നടപടിക്ക് പിന്നിലെന്ന ആരോപണം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

സീതാപൂര്‍, ബന്ദ, ബസ്തി, ശ്രാവസ്തി, കൗശാംബി, സംഭാല്‍, സഹരന്‍പൂര്‍, മൊറാദാബാദ്, ഹത്രാസ് എന്നീ ലോക്സഭാ മണ്ഡലങ്ങളിലെ ജഡ്ജിമാരെയാണ് ചൊവ്വാഴ്ച സ്ഥലം മാറ്റിയത്. കൂടാതെ, ഇറ്റാ, ബന്ദ, ഇറ്റാവ എന്നീ നിയോജക മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന കാസ്ഗഞ്ച്, ചിത്രകൂട്, ഔറയ്യ എന്നിവിടങ്ങളിലെ ജഡ്ജിമാരേയും മാറ്റിയിട്ടുണ്ട്. ഇതില്‍ ഹത്രാസ് ഒഴികെ മറ്റു മണ്ഡലങ്ങളിലെല്ലാം ബി.ജെ.പി പരാജയപ്പെട്ടിരുന്നു.

മൊറാദാബാദ് ജില്ലാ മജിസ്‌ട്രേറ്റ് മാനവേന്ദ്ര സിങ്ങിനെ ആയുഷ് സ്പെഷ്യല്‍ സെക്രട്ടറിയായും ബസ്തി ജില്ലാ മജിസ്‌ട്രേറ്റായ ആന്ധ്ര വംശിയെ സ്റ്റാമ്പ് ആന്‍ഡ് രജിസ്ട്രേഷന്‍ സ്പെഷ്യല്‍ സെക്രട്ടറിയായുമാണ് നിയമിച്ചത്.

വിഷയത്തില്‍ യു.പി ചീഫ് സെക്രട്ടറി ഡി.എസ് മിശ്രയുടെ പ്രതികരണത്തിന് തേടിയെങ്കിലും പ്രതികരിച്ചില്ലെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.
അതേസമയം സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും എല്ലാ തെരഞ്ഞെടുപ്പിന് ശേഷവും സംഭവിക്കുന്ന പതിവ് മാറ്റങ്ങള്‍ മാത്രമാണിതെന്നും ലഖ്നൗവില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലവുമായി ഇതിന് ഒരു ബന്ധവുമില്ല,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെ ബന്ധമുണ്ടെങ്കില്‍ ആദ്യം
അയോധ്യയിലെ ജില്ലാ മജിസ്‌ട്രേറ്റിനെ മാറ്റേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ 80 ലോക്സഭാ സീറ്റുകളില്‍ 33 എണ്ണത്തില്‍ മാത്രമാണ് ബി.ജെ.പി വിജയിച്ചത്. 2019 ലെ 62 സീറ്റില്‍ നിന്നാണ് ബി.ജെ.പി ഇങ്ങനെയൊരു മോശം പ്രകടനത്തിലേക്ക് എത്തുന്നത്. ഈ സമയത്ത് തന്നെയാണ് സ്ഥലംമാറ്റവും സംഭവിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയുടെ കാരണങ്ങളെക്കുറിച്ച് പഠിക്കാനായി സംസ്ഥാനത്തെ 78 ജില്ലകളിലേക്ക് ബി.ജെ.പി ടാസ്‌ക് ഫോഴ്സിനെ അയച്ചിരുന്നു. എന്നാല്‍ ജില്ലാ ഉദ്യോഗസ്ഥര്‍, പ്രത്യേകിച്ച് ജഡ്ജിമാര്‍ ഇതിനോട് സഹകരിച്ചിരുന്നില്ലെന്ന റിപ്പോര്‍ട്ടും ഇതിനിടെ വരുന്നുണ്ട്.

അതേസമയം ഈ സ്ഥലംമാറ്റം രാഷ്ട്രീയ പകപോക്കലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ‘ഈ ഉദ്യോഗസ്ഥരെല്ലാം അവരുടെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിച്ചു. അവരുടെ മേല്‍ വ്യക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അവര്‍ അവരുടെ ജോലി ചെയ്തു, അതിനാല്‍ അവരെ സ്ഥലം മാറ്റി. എന്നിട്ടും സര്‍ക്കാര്‍ അതിനെ സാധാരണ സ്ഥലംമാറ്റം എന്ന് വിളിക്കുകയാണ്. എന്നാല്‍ അതല്ല കാര്യം, യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് പറഞ്ഞു.

യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് സ്ഥലംമാറ്റമെന്ന് സമാജ്‌വാദി പാര്‍ട്ടി ദേശീയ വക്താവ് അബ്ദുള്‍ ഹാഫിസ് ഗാന്ധിയും പറഞ്ഞു. ‘ഇവ സാധാരണ സ്ഥലംമാറ്റമല്ല. ഇത് ബ്യൂറോക്രസിയെ രാഷ്ട്രീയവത്കരിക്കാനുള്ള വ്യക്തമായ ശ്രമമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ ഉദ്യോഗസ്ഥര്‍ പരമാവധി ശ്രമിച്ചു. അവര്‍ അവരുടെ ജോലി ചെയ്തു, ഇപ്പോള്‍ ബി.ജെ.പി തോറ്റിടത്തെ ജഡ്ജിമാരെയും ഉദ്യോഗസ്ഥരേയുമെല്ലാം സര്‍ക്കാര്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗമായിട്ടാണ് ജില്ലാ ഭരണകൂടം പ്രവര്‍ത്തിച്ചത്. അതുകൊണ്ട് തന്നെ ഇത് സ്വേച്ഛാധിപത്യപരമായ സ്ഥലംമാറ്റമാണ്. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്’, ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഈ ആഴ്ച ആദ്യം യു.പി സര്‍ക്കാര്‍ ലഖ്നൗവിലെയും പ്രയാഗ്രാജിലെയും പൊലീസ് കമ്മീഷണര്‍മാരായ എസ്.ബി ഷിരാദ്കറും രമിത് ശര്‍മ്മയും ഉള്‍പ്പെടെ 16 ഐ.പി.എസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിരുന്നു. ഉയര്‍ന്ന പദവികളില്‍ ഇരിക്കുന്നവര്‍ക്കും വരും ദിവസങ്ങളില്‍ സ്ഥലംമാറ്റ ഉത്തരവ് ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.

1984 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറി ദുര്‍ഗ ശങ്കര്‍ മിശ്രയുടെ കാലാവധി ജൂണ്‍ 30ന് അവസാനിക്കുകയാണ്. അദ്ദേഹത്തിന് ഇതിനകം മൂന്ന് തവണയാണ് സര്‍വീസ് കാലാവധി നീട്ടി നല്‍കിയത്. പ്രോട്ടോക്കോള്‍ പ്രകാരം രണ്ടര വര്‍ഷം മുമ്പ് വിരമിക്കേണ്ട മിശ്രയ്ക്ക് വീണ്ടും കാലാവധി നീട്ടിനല്‍കിയാല്‍ അത് ബ്യൂറോക്രസിയുടെ മനോവീര്യം തകര്‍ക്കുമെന്ന് സര്‍ക്കാരിലെ ചിലര്‍ തന്നെ പ്രതികരിച്ചത്.

ഈ വര്‍ഷം ഫെബ്രുവരി മുതല്‍ സംസ്ഥാനത്തിന്റെ ആക്ടിംഗ് ഡി.ജി.പിയായി സേവനമനുഷ്ഠിക്കുന്ന പ്രശാന്ത് കുമാര്‍ യു.പിയുടെ തുടര്‍ച്ചയായ നാലാമത്തെ ആക്ടിംഗ് ഡി.ജി.പിയാണ്. സ്ഥിരം ഡി.ജി.പിയായി അദ്ദേഹത്തെ നിയമിച്ചതിന് പിന്നില്‍ സാങ്കേതിക കാരണങ്ങളൊന്നുമില്ല.

Content Highlight:  UP govt transfers 12 DMs weeks after polls. 11 of them headed districts where BJP lost

We use cookies to give you the best possible experience. Learn more