ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബുള്‍ഡോസ് രാജിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. നടപടിക്രമങ്ങള്‍ പാലിക്കാതെ വീട് പൊളിച്ചുനീക്കിയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദ്ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ബുള്‍ഡോസ് രാജ് നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെ റോഡ് വികസനത്തിനായി വീട് പൊളിച്ചുനീക്കിയതോടെയാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരമായി നല്‍കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
2019ല്‍ മഹാരാജ്ഗഞ്ച് ജില്ലയില്‍ വീട് തകര്‍ത്ത സംഭവത്തില്‍ മനോജ് ടിബ്‌റേവാള്‍ ആകാശ് എന്നയാള്‍ സുപ്രീം കോടതിക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ എടുത്ത കേസിലാണ് വിധി പ്രഖ്യാപിച്ചത്.
കയ്യേറ്റമാണെങ്കില്‍ നിര്‍മാണം പൊളിക്കുന്നതിന് മുമ്പ് പാലിക്കേണ്ട നോട്ടീസ് അയക്കല്‍ പോലുള്ള നടപടിക്രമങ്ങള്‍ അധികൃതര്‍ പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അധികൃതര്‍ പറയുന്നത് പോലെ കയ്യേറ്റമായാലും എങ്ങനെ ഇത്തരത്തില്‍ മുന്നറിയിപ്പുകളൊന്നുമില്ലാതെ പൊളിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. നോട്ടീസൊന്നും നല്‍കാതെ വീട് പൊളിക്കാനാവുമോയെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.
ഉയര്‍ന്ന തലത്തിലുള്ള അധികാരദുര്‍വിനിയോഗം നടത്തിയിട്ടുണ്ടെന്നും 123 ഓളം കെട്ടിടങ്ങളാണ് യാതൊരു മുന്നറിയിപ്പും നല്‍കാതെ കേവലം അനൗണ്‍സ്‌മെന്റ് മാത്രം നടത്തി പൊളിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒരു രാത്രി ബുള്‍ഡോസറുമായി വന്ന് കെട്ടിടങ്ങള്‍ പൊളിക്കാന്‍ പാടില്ലെന്നും കുടുംബങ്ങള്‍ക്ക് ഒഴിഞ്ഞുപോവാന്‍ പോലും സമയം നല്‍കിയില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഉച്ചഭാഷിണിയിലൂടെ അനൗണ്‍സ് ചെയ്യുന്ന മുന്നറിയിപ്പ് കൊണ്ട് മാത്രം വീടുകള്‍ പൊളിച്ചുനീക്കാന്‍ കഴിയില്ലെന്നും കുടുംബങ്ങള്‍ക്ക് മാറി താമസിക്കാനും സാധനങ്ങള്‍ എടുത്തുവെക്കാനുമുള്ള സമയമെങ്കിലും പാലിക്കേണ്ടതായിരുന്നുവെന്നും കോടതി പറഞ്ഞു.
3.70 ചതുരശ്രമീറ്റര്‍ കയ്യേറിയതിന്‍ വീട് മുഴുവനും പൊളിച്ചുവെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടും ആധാരമാക്കിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പരാതിക്കാരന് ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്നും പരാതിയില്‍ എഫ്.ഐ.ആര്‍ രജിസറ്റര്‍ ചെയ്യണമെന്നും കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.