| Friday, 22nd December 2017, 7:47 pm

വാജ്‌പേയിയുടെ ജന്മദിനത്തില്‍ 93 തടവുകാരെ ജയില്‍മോചിതരാക്കാന്‍ യു.പി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനത്തില്‍ 93 തടവുകാരെ ജയില്‍മോചിതരാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. ആഭ്യന്തര സെക്രട്ടറി അരവിന്ദ് കുമാറാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

“ശിക്ഷാ കാലാവധി പൂര്‍ത്തിയായിട്ടും പിഴയടക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ജയിലില്‍ കഴിയുന്നവരെയാണ് മോചനത്തിനായി പരിഗണിക്കുക. 135 പേരുടെ പട്ടികയില്‍ നിന്ന് നറുക്കിട്ടാണ് 93 പേര്‍ ആരൊക്കയെന്ന് കണ്ടെത്തുക.”

ഇങ്ങനെ ജയില്‍മോചിതരാകുന്നവരുടെ പേരിലുള്ള പിഴത്തുകകുടിശ്ശിക വിവിധ ട്രസ്റ്റുകളോ എന്‍.ജി.ഒ കളോ മറ്റുമായി സഹകരിച്ച് അടച്ചുതീര്‍ക്കാന്‍ ജയില്‍വകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്കിയിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പ അറിയിച്ചു.

ലക്‌നൗവിനെ പ്രതിനിധീകരിച്ച് അഞ്ചുതവണ ലോക്‌സഭയില്‍ എത്തിയിട്ടുള്ള ആളാണ് വാജ്‌പേയി.

കോണ്‍ഗ്രസ് നേതാവല്ലാതെ അഞ്ചു വര്‍ഷം ഭരിച്ച ഏക പ്രധാനമന്ത്രിയാണ് വാജ്‌പേയി. അദ്ദേഹത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ടത് ബി.ജെ.പിയുടെ കടമയാണെന്ന് ബി.ജെ.പി വക്താവ് ശലഭ് മണി ത്രിപാഠി പറഞ്ഞു. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ജനോപകാര നയമാണ് മനുഷ്യത്വം നിറഞ്ഞ ഈ നടപടിയിലൂടെ വെളിവാകുന്നതെന്ന് ബി.ജെ.പിയുടെ അവകാശവാദം.

We use cookies to give you the best possible experience. Learn more