| Saturday, 3rd October 2020, 9:39 pm

ഹാത്രാസ് കേസന്വേഷണം സി.ബി.ഐയ്ക്ക് വിടുന്നുവെന്ന് യോഗി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം സി.ബി.ഐയ്ക്ക് വിടാനൊരുങ്ങി യു.പി സര്‍ക്കാര്‍. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ ഗ്രാമമായ ബൂള്‍ഗാരിയില്‍ എത്തിയതിനു പിന്നാലെയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുന്നതായുള്ള പ്രഖ്യാപനമുണ്ടായത്.

ഇവര്‍ക്കൊപ്പം മറ്റ് നേതാക്കളായ അധിര്‍ രജ്ജന്‍ ചൗധരി, എം.പി കെ.സി വേണുഗോപാല്‍ എന്നിവരുമുണ്ട്. സംഘര്‍ഷ ഭരിതമായ സാഹചര്യങ്ങള്‍ക്കൊടുവിലാണ് രാഹുലും പ്രിയങ്കയും ഹാത്രാസില്‍ എത്തിയത്.

കേസില്‍ യു.പി പൊലീസ് സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് വിലക്കുകയും കുടുംബാംഗങ്ങളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തതായും പരാതിയുയര്‍ന്നിരുന്നു. മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകരുകയും നാവ് മുറിക്കപ്പെടുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

അതേസമയം കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്സ്‌കര്‍ ഭീഷണിപ്പെടുത്തിയതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.

‘പകുതി മാധ്യമങ്ങള്‍ ഇന്ന് പോകും. ബാക്കി പകുതിപേര്‍ നാളേയും. ഞങ്ങളെ നിങ്ങളുടെ കൂടെയുണ്ടാകൂ. പ്രസ്താവന മാറ്റണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്’, പ്രവീണ്‍ കുമാര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി.

സംഭവത്തില്‍ അലഹാബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. അലഹബാദ് കോടതിയുടെ ലക്‌നൗ ബെഞ്ചാണ് കേസെടുത്തിരിക്കുന്നത്. സ്വമേധയാ കേസെടുത്ത കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: UP Govt Orders CBI Probe In Hathras Case

We use cookies to give you the best possible experience. Learn more