ന്യൂദല്‍ഹി: ഹാത്രാസ് സംഭവത്തില്‍ ന്യായീകരണവുമായി വീണ്ടും യോഗി സര്‍ക്കാര്‍. ഹാത്രാസ് സംഭവത്തില്‍ അസാധാരണമായ സാഹചര്യങ്ങള്‍ ഉണ്ടായതുകൊണ്ടാണ് അസാധാരണമായ നടപടികള്‍ പൊലീസിന് സ്വീകരിക്കേണ്ടി വന്നതെന്നായിരുന്നു സര്‍ക്കാരിന്റെ ന്യായീകരണം.
സംഘര്‍ഷമുണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മൃതദേഹം അര്‍ധരാത്രി തന്നെ സംസ്‌ക്കരിച്ചത് എന്നായിരുന്നു യു.പി സര്‍ക്കാരിന്റെ വാദം. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയാണ് ഇത് നടത്തിയതെന്നുമാണ് യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിച്ചത്.
എന്നാല്‍ മകളുടെ മൃതദേഹം തങ്ങളെ കാണിക്കുക പോലും ചെയ്യാതെയാണ് സംസ്‌ക്കരിച്ചതെന്നും ദഹിപ്പിച്ച മൃതദേഹം തങ്ങളുടെ മകളുടേത് തന്നെയാണോ എന്ന് പോലും ഉറപ്പില്ലെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.
ജാതി സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള ഉദ്ദേശത്തോടെ നടത്തിയെന്ന് പൊലീസ് അവകാശപ്പെടുന്ന കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ കൈമാറാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും യു.പി സര്‍ക്കാര്‍ പറഞ്ഞു.
ഹാത്രാസ് സംഭവത്തില്‍ ബി.ജെ.പി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും അപമാനിക്കാനുമായി രാഷ്ട്രീയ എതിരാളികള്‍ ഗൂഢാലോചന നടത്തിയെന്നും സംസ്ഥാനത്ത് ജാതി-വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും യു.പി ഭരണകൂടത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കാനുള്ള ശ്രമമാണ് ഇതിനുപിന്നിലെന്നുമാണ് സര്‍ക്കാരിന്റെ വാദം.
ഹാത്രാസ് കേസില്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറാണെന്നും യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ഹാത്രാസില്‍ 19 കാരിയെ ബലാത്സംഗം ചെയ്ത് ആക്രമിച്ചുവെന്ന കേസ് അന്വേഷിക്കാന്‍ സി.ബി.ഐക്ക് നിര്‍ദേശം നല്‍കണമെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചിരിക്കുന്നത്.
ചില”നിക്ഷിപ്ത താല്‍പ്പര്യക്കാര്‍” ന്യായമായ അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെടുന്നത് എന്നാണ് സര്‍ക്കാരിന്റെ ന്യായീകരണം.
പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും ബന്ധുക്കളെ ബന്ദികളാക്കി യു.പി പൊലീസ് മൃതദേഹം സംസ്‌കരിച്ചതിനുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. അന്വേഷണം അട്ടിമറിക്കുമെന്നും യു.പി പൊലീസില്‍ വിശ്വാസമില്ലെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബത്തെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം സന്ദര്‍ശിച്ച ദിവസമാണ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.
ജുഡീഷ്യല്‍ അന്വേഷണമാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നതെന്നാണ് സന്ദര്‍ശത്തിന് ശേഷം പ്രിയങ്കാ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞത്. ജില്ലാ മജിസ്‌ട്രേറ്റിനെ നീക്കം ചെയ്യണമെന്നും സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടതായി പ്രിയങ്ക പറഞ്ഞിരുന്നു.
അതിനിടെ ജില്ലാ മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. മാധ്യമങ്ങള്‍ ഇന്ന് പോകുമെന്നും നമ്മളേ ഇവിടെ ഉണ്ടാകുമെന്നായിരുന്നു ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞത്. ജില്ലാ മജിസ്‌ട്രേറ്റിന്റെ കൂടി സാന്നിധ്യത്തിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ അര്‍ധരാത്രിയില്‍ സംസ്‌കരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക