| Thursday, 23rd March 2017, 4:55 pm

സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകര്‍ ജീന്‍സും ടീഷര്‍ട്ടും ധരിച്ച് കുട്ടികളെ പഠിപ്പിക്കേണ്ട; യു.പിയില്‍ പുതിയ നിയന്ത്രണവുമായി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നതിന് വിലക്ക്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സെക്കന്‍ഡറി വിദ്യാലങ്ങളിലെ അധ്യാപകരോടാണ് ജീന്‍സും ടീഷര്‍ട്ടും ധരിച്ച് ക്ലാസെടുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ വിധിച്ചത്.


Also read സര്‍ക്കാര്‍ സമര്‍പ്പിച്ച അന്തിമ പട്ടികയില്‍ ടി.പി കേസിലെ പ്രതികളും നിസാമും ഇല്ല: പുറത്തുവന്നത് ജയില്‍ വകുപ്പ് തയ്യാറാക്കിയ പട്ടികയാണെന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി 


അധ്യാപകര്‍ ഉദ്യോഗത്തിന്റെ അന്തസ്സിനൊത്ത വസ്ത്രം മാത്രം ധരിച്ചാല്‍ മതിയെന്ന് ദേശീയ മാധ്യമമായ ഹിന്ദസ്ഥാന്‍ ടൈംസിനോട് യു.പിയിലെ ജില്ലാ വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ (ഡി.ഐ.ഒ) ഉമേഷ് ത്രിപതി പറഞ്ഞു. സമൂഹത്തില്‍ ആദരണീയരായ വിഭാഗമാണ് അധ്യാപക സമൂഹമെന്നും ജോലി സമയത്ത് അധ്യാപകര്‍ മൈബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും പുതിയ ബി.ജെ.പി സര്‍ക്കാരിന്റെ നിര്‍ദേശത്തിലുണ്ട്.

സമൂഹത്തിലെ ഉന്നത സ്ഥാനത്തിനു ചേര്‍ന്ന വസ്ത്രധാരണ രീതിയല്ല ജീന്‍സും ടീഷര്‍ട്ടുമെന്നാണ് യു.പി സര്‍ക്കാരിന്റെ കണ്ടെത്തല്‍. മാന്യവും ജോലിയുടെ അന്തസ്സിനു ചേര്‍ന്നതുമായ വസ്ത്രങ്ങള്‍ മാത്രം ധരിച്ചാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു. ഫോണുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നതിനു പുറമെ സ്‌കൂള്‍ പരിസരം വൃത്തിയായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വവും അധ്യാപകര്‍ക്കുണ്ടെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഇതിനു സമാനമായ ഉത്തരവുമായി ഹരിയാന സര്‍ക്കാരും രംഗത്തെത്തിയിരുന്നു. സ്‌കൂളുകളില്‍ ജീന്‍സ് ധരിച്ച് വരരുതെന്നായിരുന്നു ഹരിയാന സര്‍ക്കാരിന്റെ ഉത്തരവ്. വ്യാപകമായ പ്രതരിഷേധങ്ങളായിരുന്നു വസ്ത്ര സ്വാതന്ത്രം നിഷേധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഹരിയാനയില്‍ ഉയര്‍ന്നത്.

യു.പിയില്‍ ക്ലാസ് തുടങ്ങുന്നതിനു മുമ്പ് എല്ലാ സ്‌കൂളുകളിലും പ്രാര്‍ത്ഥന നിര്‍ബന്ധമാണെന്നും പാന്‍മസാല ഷോപ്പൂകള്‍ വിദ്യാലയ പരിസരത്ത് ഉണ്ടെങ്കില്‍ പൊലീസിനെ അറിയിച്ച് പൂട്ടിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

We use cookies to give you the best possible experience. Learn more