| Sunday, 24th May 2020, 4:44 pm

'യു.പി സര്‍ക്കാര്‍ കൊവിഡ് ആശുപത്രികളില്‍ മൊബൈല്‍ അനുവദിക്കാത്തത് യഥാര്‍ത്ഥ ചിത്രം പുറത്തുവരാതിരിക്കാന്‍'; ആരോപണവുമായി അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന യു.പി സര്‍ക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ആശുപത്രികളിലെ അപര്യാപ്തവും മോശവുമായ അവസ്ഥ പുറംലോകം അറിയാതിരിക്കാനാണ് സര്‍ക്കാര്‍ ഇതിലൂടെ ശ്രമിക്കുന്നതെന്നും അഖിലേഷ് ആരോപിച്ചു.

‘കൊറോണ വൈറസ് മൊബൈല്‍ ഫോണിലൂടെ പകരുമെങ്കില്‍ രാജ്യത്തെ എല്ലാ ആശുപത്രികളിലും ഫോണ്‍ നിരോധിക്കണം. യഥാര്‍ത്ഥത്തില്‍ രോഗികള്‍ക്ക് മാനസീക പിന്തുണ നല്‍കുകയാണ് ഫോണ്‍ ഉപയോഗം അനുവദിച്ചാല്‍ സാധിക്കുക. അവരുടെ ഏകാന്തത ലഘൂകരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരെയും മറ്റും ബന്ധപ്പെടുകയും ചെയ്യാനാവും’, അഖിലേഷ് പറഞ്ഞു.

ആശുപത്രികളുടെ ദയനീയാവസ്ഥ പുറത്തുവരാതിരിക്കാനാണ് മൊബൈലിന്റെ ഉപയോഗം നിരോധിച്ചത്. മൊബൈല്‍ ഫോണുകള്‍ അണുവിമുക്തമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അല്ലാതെ അവ നിരോധിക്കാനല്ലെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പോസിറ്റീവായവരെ അഡ്മിറ്റ് ചെയ്തിട്ടുള്ള ആശുപത്രികളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഡയറക്ടര്‍ ജനറല്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ കെ.കെ ഗുുപ്ത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് ഫോണുകള്‍ ഉപയോഗിക്കണം. അതുപയോഗിച്ച് രോഗികള്‍ക്ക് വീട്ടുകാരുമായും മറ്റും ബന്ധപ്പെടാം എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more