| Saturday, 6th February 2021, 1:04 pm

കര്‍ഷക നേതാക്കളോട് ലക്ഷങ്ങള്‍ കെട്ടിവെക്കാന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: കര്‍ഷക നേതാക്കളോട് രണ്ട് ലക്ഷം രൂപയുടെ പേഴ്‌സണല്‍ ബോണ്ട് കെട്ടിവെക്കാന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നോട്ടീസ് അയച്ചു. പ്രതിഷേധത്തില്‍ സമാധാനം ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ തുക കെട്ടിവെക്കാന്‍ വിവിധ നേതാക്കള്‍ക്ക് നോട്ടീസ് അയച്ചത്.

ഉത്തര്‍പ്രദേശിലെ ബരൗട്ടില്‍ നടന്ന മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നതിന് തൊട്ടുമുന്‍പ്, ജനുവരി 30നാണ് നേതാക്കള്‍ക്ക് നോട്ടീസ് വന്നത്. മുന്‍ ആര്‍.എല്‍.ഡി എം.എല്‍.എ വീര്‍പാല്‍ സിംഗ് റാഥി അടക്കമുള്ള നിരവധി നേതാക്കള്‍ക്ക് ഇത്തരത്തിലുള്ള നോട്ടീസ് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

‘ജനുവരി 30നാണ് എനിക്ക് നോട്ടീസ് ലഭിച്ചത്. ജില്ലയിലെ ഇരുന്നൂറോളം കര്‍ഷകര്‍ക്ക് ഇത്തരത്തിലുള്ള നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. കര്‍ഷകരെ പിന്തുണക്കുന്നതില്‍ നിന്നും ഞങ്ങളെ തടയാനാണ് സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്. പക്ഷെ ഞാനും എനിക്കൊപ്പം നോട്ടീസ് ലഭിച്ച മറ്റുള്ളവരും മഹാപഞ്ചായത്തില്‍ പങ്കെടുക്കുക തന്നെ ചെയ്തു,’ വീര്‍പാല്‍ സിംഗ് റാഥി പറഞ്ഞു.

ഇതേകുറിച്ച് തനിക്ക് അറിയില്ലെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് രാജ് കമല്‍ യാദവ് പ്രതികരിച്ചത്. എന്നാല്‍ നോട്ടീസില്‍ ഒപ്പുവെച്ച സബ് ഡിവിഷണല്‍ ദുര്‍ഗേഷ് മിശ്ര പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

കര്‍ഷക നേതാക്കള്‍ പ്രതിഷേധക്കാരെ അക്രമത്തിന് പ്രേരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീര്‍പാല്‍ സിംഗ് റാഥി അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയച്ചതെന്നാണ് അധികൃതരുടെ മറ്റൊരു വാദം.

അതേസമയം കര്‍ഷക സമരവുമായി ബന്ധപ്പെട്ടല്ല, വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചതെന്നാണ് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അമിത് കുമാര്‍ അറിയിച്ചത്.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിക്കുകയാണ് കര്‍ഷകര്‍. മൂന്നു മണിക്കൂര്‍ നേരത്തേക്കായിരിക്കും ഉപരോധം.

ഉച്ചയ്ക്ക് 12 മണിമുതല്‍ മൂന്ന് മണിവരെയാണ് വാഹനങ്ങള്‍ ഉപരോധിക്കുക. സമാധാനപരമായിരിക്കണം ഉപരോധമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച കര്‍ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും ദല്‍ഹിയിലും വഴിതടയല്‍ ഉണ്ടാവില്ലെന്ന് ഭാരതീയ കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത് അറിയിച്ചു. സ്‌കൂള്‍ ബസുകള്‍, ആംബുലന്‍സുകള്‍, അവശ്യവസ്തുക്കളുമായി പോകുന്ന വാഹനങ്ങള്‍ എന്നിവ കടത്തിവിടുമെന്നാണ് സംയുക്തകിസാന്‍ മോര്‍ച്ച അറിയിച്ചത്. മൂന്ന് മണിക്ക് ഒരു മിനിറ്റ് വാഹനങ്ങളുടെ സൈറണ്‍ മുഴക്കി ആയിരിക്കും സമരം സമാപിക്കുക.

റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് അതീവ സുരക്ഷ ഏര്‍പ്പെടുത്തുമെന്നാണ് ദല്‍ഹി പൊലീസ് അറിയിച്ചത്. അതേസമയം ദല്‍ഹിയിലേക്ക് കടക്കില്ലെന്നാണ് കര്‍ഷകര്‍ അറിയിച്ചത്. കര്‍ഷകര്‍ ദല്‍ഹിയിലേക്ക് പ്രവേശിക്കാതിരിക്കാനായി നിരകളായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  UP Govt asks Farmers Protest leaders to to sign Rs 2 Lakh bond

We use cookies to give you the best possible experience. Learn more