ലഖ്‌നൗ: ഹത്രാസ് ദുരന്തത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സിക്കന്ദര്‍റാവ് എസ്.ഡി.എം, പൊലീസ് സർക്കിൾ ഓഫീസര്‍, എസ്.എച്ച്.ഒ ഉള്‍പ്പടെ ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.
പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി. എസ്.ഡി.എം പരിപാടി നടത്താന്‍ അനുമതി നല്‍കിയത് സ്ഥലം സന്ദര്‍ശിക്കാതെ ആയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അധികാരികളെ വിവരം അറിയിക്കുന്നതില്‍ എസ്.ഡി.എം വീഴ്ച വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പരിപാടിയുടെ സംഘാടകരെ പോലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഹത്രാസ് ദുരന്തത്തില്‍ പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു. എന്നാൽ റിപ്പോർട്ടിൽ ആൾദൈവം ഭോലെ ബാബയെ കുറിച്ച് പരാമർശങ്ങളൊന്നും ഉണ്ടായിട്ടില്ല.
സംഘാടകര്‍ അനുവദനീയമായതിലും കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അനുവദനീയമായതിലും കൂടുതല്‍ ആളുകളെ സമിതി ക്ഷണിച്ചു. എന്നാല്‍ മതിയായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.
മരിച്ചവരുടെ കുടുംബാംഗങ്ങളും പരിക്കേറ്റവരും ഉള്‍പ്പെടെ 119 പേരുടെ മൊഴികള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഏകദേശം 300 പേജുകളോളം വരുന്ന റിപ്പോര്‍ട്ടാണ് എസ്.ഐ.ടി സര്‍ക്കാരിന് സമര്‍പ്പിച്ചത്.
ഭക്തര്‍ തന്റെ കാല്‍പാദം പതിഞ്ഞ മണ്ണെടുക്കാന്‍ പറഞ്ഞതോടെയാണ് തിക്കും തിരക്കും ഉണ്ടായതെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തിരക്കിനിടയില്‍ ബാബ സ്ഥലം വിട്ടെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
Content Highlight: UP government suspends six officials in Hathras tragedy