| Saturday, 11th May 2019, 10:34 pm

ഡോ. കഫീല്‍ ഖാന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടഞ്ഞ വെച്ച അലവന്‍സ് നല്‍കണം; സുപ്രീം കോടതി ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത ഡോ.കഫീല്‍ ഖാന് തടഞ്ഞു വെച്ച എല്ലാ അലവന്‍സും നല്‍കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഗോരഖ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭ്യതക്കുറവു മൂലം 60ഒാളം കുട്ടികള്‍ മരണപ്പെട്ട സംഭവത്തില്‍ സര്‍ക്കാറിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി രംഗത്തെത്തിയതോടെയാണ് കഫീല്‍ ഖാനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതികാര നടപടികള്‍ ആരംഭിച്ചത്.

കഫീല്‍ ഖാനെതിരെയുള്ള ഡിപാര്‍ട്ട്‌മെന്റല്‍ അന്വേഷണം 90 ദിവസങ്ങള്‍ക്കകം അവസാനിപ്പിക്കണമെന്ന് 2019 മാര്‍ച്ച് ഏഴിന് സുപ്രീം കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

2017 സെപ്തംബര്‍ രണ്ട് മുതല്‍ കഫീല്‍ ഖാന്‍ സസ്‌പെന്‍ഷനിലാണ്. നിരവധി കുട്ടികളുടെ മരണത്തിന് കാരണമായ ബി.ആര്‍.ഡി ഓക്‌സിജന്‍ ദുരന്തത്തിന് പിന്നിലെ യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാനാണ് തനിക്കെതിരെയുള്ള അന്വേഷണം വൈകിപ്പിക്കുന്നതെന്ന് കഫീല്‍ ഖാന്‍ പറഞ്ഞിരുന്നു.

ആശുപത്രിയിലെ ഓക്‌സിജന്‍ സപ്ലൈ തടസ്സപ്പെട്ടതായിരുന്നു കുട്ടികള്‍ മരിക്കാന്‍ കാരണമായത്. ഓക്‌സിജന്‍ സപ്ലൈക്ക് കൃത്യമായ പണമടക്കാത്ത ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ആദിത്യനാഥ് സര്‍ക്കാര്‍ കഫീല്‍ ഖാനെ ബലിയാടാക്കുകയും, അദ്ദേഹത്തിനെതിരെയുള്ള അന്വേഷണം 20 മാസങ്ങള്‍ക്കു മേലെ നീട്ടിക്കൊണ്ടു പോയെന്ന് വിമര്‍ശനങ്ങളുയുര്‍ന്നിരുന്നു.

ഗൊരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജിലെ പീഡിയാട്രിക് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയിരുന്നു ഡോ. കഫീല്‍ ഖാന്‍. 2017ല്‍ കൂടുതല്‍ കുട്ടികള്‍ മരണപ്പെടുന്നത് തടയാന്‍ കഫീല്‍ ഖാന്‍ ഇടപെട്ട് സ്വന്തം കൈയ്യിലെ പണം നല്‍കിയായിരുന്നു കൂടുതല്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചത്.

ജില്ലാ മജിസ്‌ട്രേറ്റ്, സംസ്ഥാനത്തെ ആരോഗ്യമന്ത്രി എന്നിവരാണ് സംഭവത്തിലെ യഥാര്‍ത്ഥ കുറ്റവാളികളെന്നും, ഇവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കഫീല്‍ ഖാന്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more