ബീഫിനു പിന്നാലെ ജീന്‍സിനും വിലക്കിട്ട് യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍
India
ബീഫിനു പിന്നാലെ ജീന്‍സിനും വിലക്കിട്ട് യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th April 2017, 8:22 pm

ലഖ്നൗ: ഉത്തര്‍പ്രദേശിലെ കോളേജുകളില്‍ അധ്യാപകര്‍ഇനി മുതല്‍ ജീന്‍സ് ഉപയോഗിക്കാന്‍ പാടില്ലെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ഉത്തരവ്. ഇനി മുതല്‍ ജീന്‍സ് ഉപയോഗിക്കരുതെന്നും മാന്യമായ വസ്ത്രങ്ങള്‍ ധരിച്ചെത്തണമെന്നുമാണ് ഉത്തരവ്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറിലാണ് ഉത്തരവ്. മാംസശാലകള്‍ക്കെതിരെയായ നടപടിക്ക് പിന്നാലെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പുതിയ നീക്കം

അധ്യാപകരെയാണ് സ്വാഭാവികമായും വിദ്യാര്‍ത്ഥികള്‍ മാതൃകയാക്കുന്നത്. മാന്യമല്ലാത്ത രീതിയില്‍ അധ്യാപകര്‍ വസ്ത്രം ധരിച്ചെത്തിയാല്‍ വിദ്യാര്‍ത്ഥികളും ഈ രീതി പിന്തുടരുമെന്ന് ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ ആര്‍പി സിംഗ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമുള്ളത് എല്ലാത്തരം വിവേതനങ്ങളും ഇല്ലാതാക്കും. ഇതേ പോലെ അധ്യാപകരും എത്തിയാല്‍ വസ്ത്രത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്യില്ല. അധ്യാപകര്‍ കറുത്തതോ നീലയോ പാന്റ്സും വെള്ളയോ ആകാശനീലയോ ഷര്‍ട്ടും ധരിച്ചെത്തണമെന്നും ആര്‍പി സിംഗ് പറഞ്ഞു.


Also Read:‘വക്രിച്ച ബുര്‍ജ് ഖലീഫയ്ക്ക് സ്വാഗതം, പക്ഷെ ഒരു നിബന്ധനയുണ്ട്… ‘; ഇശാന്ത് ശര്‍മ്മയെ സ്വാഗതം ചെയ്ത് സെവാഗിന്റെ ട്രോള്‍; മറുപടി പറയാന്‍ വന്ന് വെട്ടിലായി ഇശാന്ത്


 

ജീന്‍സ് ധരിക്കരുതെന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ സംസ്ഥാനത്തെ 158 സര്‍ക്കാര്‍ കോളേജുകള്‍ക്കും 331 എയ്ഡഡ് കോളേജുകള്‍ക്കുമാണ് അയച്ചിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഊര്‍മ്മിള സിംഗ് ആണ് സര്‍ക്കുലര്‍ അയച്ചിട്ടുള്ളത്.