|

പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നതില്‍ ധാരണയാകും മുന്നേ ധൃതിപ്പെട്ട് യു.പി സര്‍ക്കാര്‍; അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ:പൗരത്വഭേദഗതി നിയമം നടപ്പിലാക്കുന്നതില്‍ ധാരണയാകും മുന്‍പേ നിയമം നടപ്പാക്കാന്‍ ധൃതിപ്പെട്ട് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സി.എ.എ രാജ്യത്ത് എങ്ങനെ നടപ്പാക്കും എന്നതുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണം ഇനിയുമായിട്ടില്ല. ഇതിനിടെയാണ് യുപിയിലെ അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ യു.പി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത പുറത്തു വിട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമം ഉത്തര്‍പ്രദേശില്‍ നടപ്പാക്കുനുള്ള പ്രാരംഭ നടപടികളാണ് യു.പി സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് ജില്ല ഭരണമേധാവികള്‍ അറിയിച്ചു. നിലവില്‍ 15 ജില്ലകളിലായി താമസിച്ചു വരുന്ന 40000 അഭയാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ആദിത്യനാഥ് സര്‍ക്കാരിന് കൈമാറിയെന്നാണ് സൂചന.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജില്ലാ ഭരണകൂടങ്ങളോട് മതാടിസ്ഥാനത്തില്‍ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരുടെ വിശദാംശങ്ങള്‍ അന്വേഷിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇവരുടെ മൊബൈല്‍ നമ്പര്‍, വിലാസം തുടങ്ങിയ എല്ലാ വിവരങ്ങളും സര്‍ക്കാരിന് കൈമാറാനും നിര്‍ദേശമുണ്ട്. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെങ്ങും ശക്തമായ പ്രതിഷേധം നടക്കുന്നതിനെടെയാണ് നിയമ നടത്തിപ്പില്‍ വ്യക്തത വരും മുന്നേ തിടുക്കപ്പെട്ട് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും വിശദാംശങ്ങള്‍ തേടുന്നത്.