ന്യൂദല്‍ഹി: ഡോക്ടര്‍ കഫീല്‍ ഖാന് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.
കുറ്റകൃത്യത്തിലേര്‍പ്പെട്ട ചരിത്രമാണ് കഫീല്‍ഖാന് ഉള്ളത്. അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ അച്ചടക്കനടപടിയിലേക്ക് കടന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തതെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 12 ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യു.പി പൊലീസ് അറസ്റ്റുചെയ്തത്. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
സെപ്തംബര്‍ ഒന്നിന് ഡോക്ടര്‍ കഫീല്‍ ഖാന് ജാമ്യം അനുവദിച്ച കോടതി അദ്ദേഹത്തിനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കകയായിരുന്നു. അദ്ദേഹത്തിന് നിയമവിരുദ്ധമായാണ് ദേശീയ സുരക്ഷാനിയമം ചുമത്തിയതെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ഗൊരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കിട്ടാതെ 60 കുട്ടികള്‍ മരിച്ച കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതോടെയാണ് ഡോ. കഫീല്‍ ഖാന്‍ വാര്‍ത്തകളിലിടം നേടിയത്. ഇതോടെ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയുമായി.
തുടര്‍ന്ന് ചികിത്സാപ്പിഴവുകള്‍ക്ക് ഉത്തരവാദിയെന്ന് മുദ്രകുത്തി കഫീല്‍ഖാനെതിരെ കേസെടുത്തു ജയിലിലടച്ചെങ്കിലും അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.
പിന്നീട് പൗരത്വ നിയമത്തിന് എതിരായ സമരത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ വീണ്ടും അറസ്റ്റു ചെയ്തു. ഈ കേസില്‍ കഴിഞ്ഞ ഫെബ്രുവരി 10ന് കോടതി ജാമ്യം നല്‍കിയെങ്കിലും യു.പി സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമം ചുമത്തി വീണ്ടും ജയിലിലാക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: UP Goes To Supreme Court Against High Court Order Freeing Kafeel Khan