| Thursday, 12th April 2018, 9:45 am

'പതിനൊന്ന് വയസിലാരംഭിച്ച പീഡനമാണ്, പക്ഷേ അയാള്‍ക്കെതിരെ ഞാന്‍ പരാതിപ്പെടരുതായിരുന്നു, എന്റെ അച്ഛനെങ്കിലും ജീവിച്ചിരുന്നേനെ!'

എഡിറ്റര്‍

പതിനൊന്നു വയസിലായിരുന്നു ആദ്യം- അവള്‍ പറയുന്നു. അവള്‍ക്കപ്പോഴേ അറിയാമായിരുന്നു ആ സ്പര്‍ശത്തില്‍ അറപ്പിക്കുന്ന എന്തോ ഒന്നുണ്ടായിരുന്നുവെന്ന്. പക്ഷേ അയാള്‍ക്ക് കീഴിലായിരുന്നു അവളുടെ അച്ഛന്‍ ജോലി ചെയ്തിരുന്നത്. ഓര്‍മ്മവെച്ച കാലം മുതല്‍ അവള്‍ അയാളെ ദാദുവെന്നാണ് വിളിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ നിന്നുള്ള എം.എല്‍.എ കുല്‍ദീപ് സിങ്ങ് സെന്‍ഗറിനെതിരെ ബലാത്സംഗം ആരോപിച്ച് പരാതി നല്‍കിയ ആ കൗമാരക്കാരി പറയുന്നു. പീഡനങ്ങള്‍ ആരംഭിച്ചത് ഇപ്പോഴല്ല. ആശയക്കുഴപ്പങ്ങളുടേയും ഭീതിയുടെയും വര്‍ഷങ്ങളിലൂടെ കടന്നുപോയതിന് ശേഷമാണ് ഇത് പുറത്തുപറയാന്‍ തീരുമാനിച്ചത്.

ഇപ്പോഴവള്‍ക്ക് തോന്നുന്നു, അത് പറയാതെ സ്വയം അനുഭവിച്ചാല്‍ മതിയായിരുന്നുവെന്ന്. കാരണം ആ പരാതിയില്‍ അവളുടെ ജീവിതം മുഴുവന്‍ മാറിമറഞ്ഞു. അവളുടെ അച്ഛനെ കുല്‍ദീപ് സിങ്ങിന്റെ സഹോദരന്റെ നേതൃത്വത്തില്‍ ഗുണ്ടകള്‍ പൊലീസ് നോക്കിനില്‍ക്കുമ്പോള്‍ തല്ലിതല്ലി കൊന്നു. അവളുടെ പരാതി കഴിഞ്ഞ പതിനഞ്ചുവര്‍ഷം മൂന്ന് പാര്‍ട്ടിയിലായിലായി തുടര്‍ച്ചയായി എം.എല്‍.എയായ, മാക്കി എന്ന അവളുടെ ഗ്രാമത്തിലെ കണ്‍കണ്ടദൈവമായ, കുല്‍ദീപ്സിങ്ങ് സെന്‍ഗറിനെതിരെയായിരുന്നു.

കുഞ്ഞായിരിക്കുമ്പോള്‍ ആരംഭിച്ചതാണ് കുല്‍ദീപ്സിങ്ങിന്റെ അവളുടെ ജീവിതത്തിന് മേലുള്ള കടന്ന് കയറ്റം. ചീത്തകൂട്ടുകെട്ടുകളില്‍ പെട്ടുപോകാതിരിക്കാന്‍ ഇടയ്ക്കിടെ അയാള്‍ അവളെ മുറിക്കകത്ത് അടച്ചിടും. വീടിന് പുറത്തിറങ്ങിയാല്‍ കുല്‍ദീപ് സിങ്ങിന്റെ ഗുണ്ടകള്‍ അവള്‍ക്ക് പിറകെയുണ്ടാകും. ഈ ശല്യത്തിന്റെ കാര്യം അവള്‍ അമ്മയോട് പറഞ്ഞതാണ്. പക്ഷേ, അച്ഛന്‍ കുല്‍ദീപ്സിങ്ങിന്റെ ജോലിക്കാരനാണ്, നാടിന്റെ അധിപനാണ് കുല്‍ദീപ്സിങ്ങ്. ചെറിയ പെണ്‍കുട്ടിയുടെ പരാതിക്കൊന്നും അമ്മ ചെവികൊടുത്തുപോലുമില്ല. അതോടെ എട്ടാം ക്ലാസില്‍ വച്ച് അവള്‍ പഠനം തന്നെ അവസാനിപ്പിച്ചു.

2017 ജൂണ്‍ നാലിന്, കുല്‍ദീപ് സിങ്ങ് സെന്‍ഗര്‍ എസ്.പി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന് വീണ്ടും എം.എല്‍.എയായി അധികം കഴിയുന്നതിന് മുമ്പ്, ജോലി നല്‍കാമെന്ന് പറഞ്ഞ് അവളെ തന്റെ കൊട്ടാരത്തിലേയ്ക്ക് വിളിപ്പിച്ചു. പുറത്ത് അനുയായികളെ ഇരുത്തി മുറിയടച്ചിട്ട് അയാള്‍ അവളെ ബലാത്സംഗം ചെയ്തു. അവള്‍ക്കപ്പോള്‍ 16 വയസാണ് പ്രായം. ഈ ആരോപണം അടിസ്ഥാന രഹിതമാണെന്നും തന്റെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിക്കാനുള്ള ഗൂഢാലോചനയാണെന്നുമാണ് കുല്‍ദീപ്സിങ്ങ് സെന്‍ഗര്‍ പറയുന്നത്. പക്ഷേ, അയാളെ പോലെ രാഷ്ട്രീയ-പണ സ്വാധീനമുള്ള ഒരാള്‍ക്കെതിരെ പരാതിയുമായി രംഗത്തുവരാന്‍ ഒരു കൗരമാക്കാരിക്ക് എത്രമാത്രം ധൈര്യം സ്വരൂക്കൂട്ടിയിരിക്കണം.

പൊലീസ് തന്റെ പരാതിക്ക് മുകളില്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല എന്നാരോപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ അവള്‍ തീകൊളുത്തി ആത്മഹ്യചെയ്യുമെന്ന് പ്രഖ്യാപിച്ച് മുന്നോട്ടുവന്നതിന് ശേഷമാണ് അവളുടെ പരാതി വാര്‍ത്തയാകുന്നത്. തുടര്‍ന്ന് എം.എല്‍.എയുടെ സഹോദരന്‍ അതുല്‍ സിങ്ങ് സെന്‍ഗറും ഗുണ്ടകളും അവളുടെ അച്ഛനെ ആക്രമിച്ചു, പരാതി പിന്‍വലിക്കമെന്നാവശ്യപ്പെട്ട്. അതു കൂടാതെ അവളുടെ അച്ഛനെതിരെ പൊലീസില്‍ അവര്‍ പരാതിയും നല്‍കി.

അതുല്‍സിങ്ങും മറ്റുമെതിരെ അവളുടെ വീട്ടുകാരും പരാതിനല്‍കി. പക്ഷേ അതുല്‍സിങ്ങിനെതിരെ പൊലീസ് കേസുപോലും എടുത്തില്ല, പകരം അവളുടെ അച്ഛനെ അറസ്റ്റുചെയ്ത് ലോക്കപ്പിലിട്ടു. അതുല്‍സിങ്ങിനേയും ഗുണ്ടകളെയും വിളിച്ചുവരുത്തി അവര്‍ക്ക് മുന്നിലേയ്ക്ക് അയാളെ വീണ്ടും ഇട്ടുകൊടുത്തു. വീണ്ടും ആ മനുഷ്യനെ അവര്‍ മര്‍ദ്ദിച്ച് അവശനാക്കി. ആ മര്‍ദ്ദനത്തെ അദ്ദേഹം അതിജീവിച്ചില്ല. തന്നെ അതുലും കൂട്ടരും പൊലീസിന് മുന്നിലിട്ട് തല്ലിയെന്ന് പറഞ്ഞ ശേഷം അയാള്‍ മരിച്ചു.അപ്പോള്‍ എല്ലാക്കാര്യത്തിലും നിരപരാധിയാണെന്ന് കുല്‍ദീപ് സിങ്ങ് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ദേശീയശ്രദ്ധ കേസില്‍ വന്നതോടെ കസ്റ്റഡിമരണത്തില്‍ യു.പി പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയും അതുലിനെ അറസ്റ്റുചെയ്യുകയും ചെയ്തു.

അച്ഛന്റെ മരണത്തോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചുവെന്ന് ആ പെണ്‍കുട്ടി പറയുന്നു. ആസ്പത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം എന്റെ അച്ഛനെ അവര്‍ അറസ്റ്റ് ചെയ്ത് ലോക്കപ്പിലടച്ചു. പൊലീസ് കസ്റ്റഡിയിലാണ് അച്ഛന്‍ മരിച്ചത്. ഈ പോരാട്ടത്തില്‍ ഞാന്‍ തോറ്റു. ഞാനെന്റെ പരാജയം അംഗീകരിക്കുന്നു, അയാളെ പോലൊരാള്‍ക്കെതിരെ ഞാന്‍ ശബ്ദമുയര്‍ത്തരുതായിരുന്നു. ചുരുങ്ങിയ പക്ഷം എന്റെ അച്ഛനെങ്കിലും ജീവിച്ചിരുന്നേനെ.

കുല്‍ദീപ് സിങ് സെന്‍ഗര്‍

പതിനാറ് വര്‍ഷമായി കുല്‍ദീപ്സിങ്ങ് സെന്‍ഗര്‍ തുടര്‍ച്ചയായി എം.എല്‍.എയാണ്. 2002-ല്‍ ബി.എസ്.പി എം.എല്‍.എയായി നവ് സദാറില്‍ നിന്ന്, 2007ലും 2012-ലും എസ്.പി പ്രതിനിധിയായും 2017-ല്‍ ബി.ജെ.പി പ്രതിനിധിയായും ബംഗാര്‍മാവ് നിന്ന്. ഏതുപാര്‍ട്ടിയിലാണെങ്കിലും മാക്കി ഗ്രാമത്തിലെ തന്റെ കൊട്ടാരസദൃശ്യമായ പരമ്പരാഗത ഭവനത്തില്‍ രാജാവിനെ പോലെയാണ് അയാള്‍ കഴിയുന്നത്. രാഷ്ട്രീയം സെന്‍ഗറുമാരുടെ കുലത്തൊഴില്‍ പോലെയാണിപ്പോള്‍. കുല്‍ദീപിന്റെ അമ്മ ചിന്നിദേവി 50 വര്‍ഷത്തോളമാണ് ഗ്രാമപഞ്ചായത്ത് അധ്യക്ഷയായിരുന്നത്.

കുല്‍ദീപിന്റെ ഭാര്യസംഗീത ഉന്നാവോ ജില്ലാ പഞ്ചായത്ത് അധ്യക്ഷയാണ്. സഹോദരന്‍ അതുലിന്റെ ഭാര്യ മാക്കി പ്രധാനും. ആര്‍ക്കും ചോദ്യം ചെയ്യാനാവാത്ത അധികാരകേന്ദ്രമാണ് കുല്‍ദീപെന്നാണ് നാട്ടുകാര്‍ പറയുന്നത്. അധികാരം തലമുറകളായി കൊണ്ടുനടക്കുന്നവര്‍. ഖനി, ഘാട്ട് തുടങ്ങിയ ബിസിനസുകള്‍ വേറെ. നാട്ടിലെ അറിയപ്പെടുന്ന തെമ്മാടികളായ സഹോദരന്മാരും കുല്‍ദീപിനുണ്ട്, ലൈംഗികാക്രമങ്ങളുടെ ആരോപണങ്ങള്‍ ഒരുപാടുള്ള അവര്‍ക്കെതിരെ നിരവധിക്രിമിനല്‍ കേസുകളുമുണ്ട്.

ഈ കേസില്‍ എന്താണ് സംഭവിച്ചത്

2017 ജൂണ്‍ നാലിന് ഒരു ജോലി വാഗ്ദാനം ചെയ്ത് ഈ പെണ്‍കുട്ടിയെ സെന്‍ഗര്‍ അയാളുടെ കൊട്ടാരത്തിലേയ്ക്ക് ക്ഷണിക്കുന്നു. അവിടെ എത്തിയ അവളെ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി, അനുയായികളെ പുറത്ത് കാവല്‍ നിര്‍ത്തി ബലാത്സംഗം ചെയ്യുന്നു. “ഞാന്‍ അലറിക്കരഞ്ഞു. പുറത്ത് ഇടനാഴിയില്‍ ആളുകളുണ്ട് എന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ഒരാളും എന്റെ സഹായത്തിന് വന്നില്ല. ബലാത്സംഗം ചെയ്ത് കഴിഞ്ഞ് ഇടനെ നേരെ വീട്ടില്‍ പോകാല്‍ അയാളെന്നോടു പറഞ്ഞു. ഞാന്‍ കരയുകയായിരുന്നു. അയാള്‍ എന്റെ കണ്ണീര്‍ തുടച്ചു.

നല്ല ജോലി സംഘടിപ്പിച്ച് തരാമെന്ന് വാഗ്ദാനം ചെയ്തു. ഞാന്‍ പുറത്തുപറയുമെന്നും പരാതിപ്പെടുമെന്നും പറഞ്ഞപ്പോള്‍ അച്ഛനെയും നാലുവയസുള്ള അനിയനേയും കൊന്നുകളയുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. ഞാന്‍ നേരെ വീട്ടില്‍ പോയി. ആരോടും ഒന്നും മിണ്ടിയില്ല. എനിക്ക് വേദനിക്കുകയായിരുന്നു. ആരുചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല”-ആ പെണ്‍കുട്ടി വിശദീകരിക്കുന്നു.

ഈ സംഭവത്തിന് ഏഴുദിവസം കഴിഞ്ഞ് ഒരു പ്ലംബറെ അന്വേഷിച്ച് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ദിവസം മൂന്ന് പേര്‍ ചേര്‍ന്ന് ഒരു എസ്.യു.വിയില്‍ അവളെ തട്ടിക്കൊണ്ടുപോയി. തുടര്‍ന്നുള്ള ഒന്‍പത് ദിവസം മയക്കുമരുന്നുകള്‍ നല്‍കി അവര്‍ അവളെ കൂട്ടബലാത്സംഗം ചെയ്തു. “അവര്‍ എനിക്ക് മയങ്ങാനുള്ള മരുന്നുകള്‍ തന്നുകൊണ്ടേയിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴൊക്കെ അവര്‍ വീണ്ടും പിടികൂടുകയും വീണ്ടും മയക്കാനുള്ള മരുന്നുകള്‍ തരികയും ചെയ്തു. ഇടയക്കിടെ സ്ഥലം മാറിക്കൊണ്ടിരുന്നു. അവര്‍ ഊഴം വച്ച് എന്നെ ബലാത്സംഗം ചെയ്തു.

അതില്‍ രണ്ടുപേര്‍ സെന്‍ഗറിന്റെ ജോലിക്കാരാണ്. അവരെ അയാളുടെ വീടിന്റെ പരിസരങ്ങളില്‍ കണ്ടിട്ടുണ്ട്. അവരെന്നെ വില്‍ക്കാനും ശ്രമിച്ചു. 60,000 രൂപയ്ക്ക് ഒരാളുമായി കരാറായതാണ്. പക്ഷേ പോലീസ് അന്വേഷണം തുടങ്ങിയത് കൊണ്ട് നടന്നില്ല”-അവള്‍ പറയുന്നു. പോലിസ് പിടിവീഴുമെന്നായപ്പോള്‍ അവളെ അവര്‍ തിരിച്ചു വീട്ടില്‍ വിട്ടു.

തട്ടിക്കൊണ്ടുപോയവരെ പൊലീസ് ഉടനെ കണ്ടെത്തി. ശുഭംസിങ്ങ്, ബ്രിജേഷ് യാദവ്, അവധ് നാരായണ്‍ എന്നിവരെ അറസ്റ്റ് ചെയ്തു. എന്നാല്‍ അവളെ കാണാതായ ന്നുമുതല്‍ പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം നടത്തിയില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. അവള്‍ ആരുടെയെങ്കിലും കൂടെ ഒളിച്ചോടിക്കാണുമെന്നായിരുന്നു പൊലീസ് ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഒന്‍പത് ദിവസം ഞാന്‍ തുടര്‍ച്ചായി പൊലീസ് സ്റ്റേഷന്‍ കയറിയിങ്ങീയിട്ടും അവര്‍ കേസെടുത്തില്ല. എന്നാല്‍ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് മാക്കി പൊലീസ് പറയുന്നത്. 20 നാണ് മാക്കി സ്റ്റേഷനില്‍ പരാതിലഭിക്കുന്നത്.

അന്ന് തന്നെ തട്ടിക്കൊണ്ടുപോകല്‍, തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബദ്ധിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് ശേഷം കൂട്ടബലാത്സംഗം, പോസ്‌കോ എന്നീ വകുപ്പുകളും ചേര്‍ത്തു. കുറ്റപത്രം കോടതിയില്‍ കൊടുത്തു-പൊലീസ് പറയുന്നു. എന്നാല്‍ അവള്‍ രക്ഷപ്പെട്ട് അഞ്ച് ദിവസത്തിന് ശേഷമാണ് കുട്ടിയുടെ മെഡിക്കല്‍ എക്സാമിനേഷന്‍ നടത്തുന്നത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടി തയ്യാവാത്തതുകൊണ്ടാണ് ശരീരപരിശോധന നടത്താതിരുന്നതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആരും തന്നോടിത് ആവശ്യപ്പെട്ടിട്ടില്ലെന്ന് പെണ്‍കുട്ടിപറയുന്നു.

ഈസംഭവത്തിന് ശേഷം ഡല്‍ഹിയിലെ ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടി അവിടെ വച്ചാണ് എം.എല്‍.എ തന്നെ ബലാത്സംഗം ചെയ്ത കാര്യം വീട്ടുകാരെ അറിയിക്കുന്നത്. “വിവരമറിഞ്ഞ അച്ഛന്‍ ദേഷ്യം കൊണ്ട് കലിതുള്ളി സെന്‍ഗറുടെ വീട്ടിലേയ്ക്ക് ഓടി. എന്നാല്‍ അയാളെ അവിടെ കാണാതെ തിരിച്ചുവന്നു. എന്റെ സഹോദരിയോട് ദല്‍ഹയില്‍ നിന്ന് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടു. ഇവിടെ പൊലീസ് സ്റ്റേഷനില്‍ പരാതില്‍ നല്‍കാമെന്ന് പറഞ്ഞു. പിന്നെ അച്ഛന്‍ അയാളുടെ വീട്ടില്‍ പോയിട്ടില്ല”-പരാതിക്കാരായ പെണ്‍കുട്ടിയുടെ സഹോദരി പറയുന്നു.

ഉന്നാവോയില്‍ ആഗസ്ത് മാസത്തില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി ഉടനെ പൊലീസ് സ്റ്റേഷനില്‍ പരാതിനല്‍കാനായി പോയി. അവര്‍ പരാതി സ്വീകരിച്ചില്ല. പൊലീസിനോട് പരാതി സ്വീകരിക്കാനാവശ്യപ്പെട്ട് അവള്‍ കോടതിയെ സമീപിച്ചു. എട്ടുമാസങ്ങള്‍ക്കിപ്പുറം ഇപ്പോഴും പരാതി രജിസ്റ്റര്‍ ചെയ്തിട്ടുപോലുമില്ല. കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതിയിലെ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തുടര്‍ച്ചയായ ഭീഷണിയുണ്ടായിരുന്നു. അങ്ങനെയാണ് സ്വയം തീകൊളുത്തിമരിക്കാമെന്ന് വച്ചത്. ഏപ്രിലില്‍ എന്റെ അച്ഛനെ അതുല്‍സിങ്ങും സംഘവും ഒരുദയയുമില്ലാതെ തല്ലിച്ചതച്ചു. എന്നിട്ടും ഒരു അധികാരികളും ശ്രദ്ധിച്ചില്ല.

പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴി മാറിക്കൊണ്ടിരിക്കുന്നു. സംഭവം നടന്ന ദിവസത്തെ കുറിച്ച് പെണ്‍കുട്ടി പറയുന്നതും വീട്ടുകാര്‍ പറയുന്നതും വ്യത്യസ്തമാണ്. ബലാത്സംഗം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ് പരാതിലഭിക്കുന്നതെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് അന്വേഷണം നടത്തണം-എന്നീ ന്യായീകരണങ്ങളാണ് പൊലീസ് പറയുന്നത്. യാതൊരു തരത്തിലുള്ള പക്ഷപാതവുമില്ലെന്നും എം.എല്‍.എയുടെ സഹോദരനെതിരെ കേസ് ചാര്‍ജ്ജ് ചെയ്തിട്ടില്ല എന്നത് ശ്രദ്ധയില്‍ പെട്ട ഉടനെ അതിനുത്തരവാദികളായ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തുവെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വാദിക്കുന്നു. എന്നാല്‍ നേരത്തേ പരാതിനല്‍കിയതാണെന്നും സ്വീകരിക്കാത്തതിരുന്നതാണെന്നുമാണ് പെണ്‍കുട്ടിയുടെയും വീട്ടുകാരുടേയും വാദം.

എന്നാല്‍ സി.ബി.ഐ അന്വേഷിക്കണമെന്നാണിപ്പോള്‍ പെണ്‍കുട്ടി പറയുന്നത്. ഇത്രയും കരുത്തനായ, അധികാരമുള്ള ഒരാള്‍ക്കെതിരെ പരാതി നല്‍കിയതിന് എന്റെ അച്ഛന്റെ ജീവന്‍ വിലയായി നല്‍കേണ്ടി വന്നു. കുടുംബം തകര്‍ക്കപ്പെട്ടു. പക്ഷേ അയാള്‍ ഇപ്പോഴും സ്വതന്ത്രനായി വിഹരിക്കുന്നു. അയാള്‍ക്ക് അധികാരവും പണവും ഉള്ളതും കൊണ്ടും ഞങ്ങള്‍ പാവങ്ങളായതുകൊണ്ടുമല്ലേ അത്? ഞങ്ങക്ക് ഈ ഭരണാധികാരികളില്‍ നിന്ന് നീതിപ്രതീക്ഷിക്കുവാന്‍ പറ്റുമോ?” ഈ ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. കുല്‍ദീപ്സിങ്ങ് സെന്‍ഗര്‍ എന്ന ബി.ജെ.പി എം.എല്‍.എ, ക്ഷത്രിയന്‍, അധികാരം തലമുറളായുള്ളയാള്‍, ഒരു ചിരിപോലും മായാതെ ഇപ്പോഴും അധികാരത്തില്‍ തുടരുകയാണ്.

എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more