| Thursday, 22nd July 2021, 12:01 pm

'നല്ല വസ്ത്രം ധരിക്കുന്നതിലും ഭക്ഷണം കഴിക്കുന്നതിലും അസൂയ'; പതിനേഴുകാരിയെ മുത്തച്ഛനും അമ്മാവന്മാരും കൊലപ്പെടുത്തിയെന്ന് ആരോപണം; കേസെടുത്ത് യു.പി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയില്‍ പാലത്തിന്റെ കൈവരിയില്‍ പതിനേഴുകാരിയുടെ മൃതദേഹം. പെണ്‍കുട്ടിയുടേത് കൊലപാതകമാണെന്ന സംശയം ഉയര്‍ന്നുവന്നിട്ടുണ്ട്.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പാലത്തിന്റെ മുകളില്‍ നിന്ന് വലിച്ചെറിയുകയായിരുന്നു എന്നാണ് നിരീക്ഷണം. പൊലീസ് ഇക്കാര്യം ഉറപ്പിച്ച് പറഞ്ഞിട്ടില്ല. പെണ്‍കുട്ടിയുടെ ജീവിത രീതികളുമായി മുത്തച്ഛനും അമ്മാവന്മാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നെന്ന് കുട്ടിയുടെ ബന്ധു പറഞ്ഞു.

പെണ്‍കുട്ടിയും അമ്മയും അടുത്തിടെ ഡിയോറിയയിലെ അവരുടെ ബന്ധുക്കളുടെ വീട്ടില്‍ താമസിക്കാന്‍ വന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ പഞ്ചാബിലെ കുടിയേറ്റ തൊഴിലാളിയാണ്.

‘ഈ ആളുകള്‍ക്ക് എല്ലായ്‌പ്പോഴും പെണ്‍കുട്ടിയുടെയും അവളുടെ കുടുംബത്തിന്റെയും ജീവിതശൈലിയില്‍ അതൃപ്തി ഉണ്ടായിരുന്നു. അവര്‍ എന്ത് കഴിച്ചു, എന്താണ് ധരിച്ചത് എന്നതിനോട് അവര്‍ക്ക് അസൂയ ഉണ്ടായിരുന്നു. അവര്‍ പെണ്‍കുട്ടിയെ ദണ്ഡ് കൊണ്ട് ആക്രമിച്ചു. ഗുരുതരാവസ്ഥയിലായപ്പോള്‍, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നെന്നു പറഞ്ഞു. പക്ഷേ, ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പാലത്തില്‍ നിന്ന് വലിച്ചെറിഞ്ഞു, ”പെണ്‍കുട്ടിയുടെ ഒരു അമ്മായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിയോറിയ പൊലീസ് മേധാവി ശ്രീപതി മിശ്ര വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.

” പെണ്‍കുട്ടിയും മുത്തച്ഛനുമായി തര്‍ക്കമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ അമ്മാവന്‍മാര്‍ അവളെ ആക്രമിച്ചു, അബോധാവസ്ഥയിലായി. ബന്ധുക്കള്‍ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പക്ഷേ അവള്‍ വഴിയില്‍ വച്ച് മരിച്ചു. മൃത ശരീരം നദിയില്‍ നിന്ന് എടുത്തെറിയുമ്പോള്‍ പാലത്തില്‍ കുടുങ്ങി, മിശ്ര പറഞ്ഞു.

പെണ്‍കുട്ടിയുടെ മുത്തച്ഛനെ കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ട് ഉണ്ട്.

Content Highlights: UP Girl’s Body Found Hanging Off Bridge, Killed In Fight With Family: Cops

We use cookies to give you the best possible experience. Learn more