ലഖ്‌നൗ: ഉത്തർപ്രദേശിൽ ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് കേസ് എടുക്കാത്തതിന് തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കുടുംബത്തിൽ തന്നെയുള്ള രണ്ടുപേരാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. ഇതേ സംബന്ധിച്ച് പരാതി നൽകിയെങ്കിലും പൊലീസ് അതിന് വേണ്ടത്ര പ്രാധാന്യം നൽകിയില്ല. തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ജൂൺ 23നാണ് ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലക്കാരായ പെൺകുട്ടിയും അമ്മയും പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഗ്രാമത്തിലെ പെൺകുട്ടിയുടെ കുടുംബത്തിൽ തന്നെയുള്ള രണ്ട് പേർക്കെതിരെയാണ് പരാതി നൽകിയത്.
പെൺകുട്ടി സ്കൂളിൽ പോകുമ്പോൾ പലപ്പോഴായി യുവാക്കൾ അവളെ ഉപദ്രവിക്കുകയായിരുന്നു. രേഖാമൂലം പരാതി പൊലീസിൽ ഏൽപ്പിച്ചിട്ടും നടപടികൾ ഒന്നും ഉണ്ടായില്ല. തുടർന്ന് മനോ വിഷമത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് മാതാവ് ദി വയറിനോട് പറഞ്ഞു.
പെൺകുട്ടിയുടെ മരണശേഷം പൊലീസ് സ്റ്റേഷനിൽ എത്തിയ മാതാപിതാക്കളോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും അവരെ മർദിക്കുകയും ചെയ്‌തെന്ന് ഇരുവരും പറഞ്ഞു.
‘അവർ പരാതി വായിച്ചില്ല പകരം ഞങ്ങളെ അടിച്ചു. എന്റെ ഭർത്താവിനെ അവർ പൂട്ടി ഇടുക പോലും ചെയ്തു. അവളെ നിങ്ങൾ തന്നെ കൊന്നിട്ടുണ്ടാകുമെന്ന് അവർ ഞങ്ങളോട് പറഞ്ഞു. സ്വന്തം കുഞ്ഞിനെ കൊല്ലാൻ ഞങ്ങൾക്ക് കഴിയില്ല,’ പെൺകുട്ടിയുടെ മാതാവ് പറഞ്ഞു.
തന്റെ ഫോൺ വരെ പൊലീസ് തട്ടിയെടുത്തെന്ന് പെൺകുട്ടിയുടെ മാതാവ് പറഞ്ഞു.
ഇന്ത്യൻ ശിക്ഷ നിയമം 306 (ആത്മഹത്യ പ്രേരണക്കുറ്റം) ചുമത്തിയാണ് പ്രതികൾക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.
Also Read: സത്യപ്രതിജ്ഞ ചെയ്യാനാകാതെ എൻജിനീയർ റാഷിദും അമൃത്പാൽ സിങ്ങും
‘സഹോദരന്മാർ തന്നെ ഉപദ്രവിച്ചതിനാലാണ് എന്റെ മകൾ ആത്മഹത്യ ചെയ്തത്. പൊലീസുകാരും അവളുടെ മരണത്തിൽ ഉത്തരവാദികളാണ്. അവർ വേണ്ടവിധം കേസ് അന്വേഷിച്ചിരുന്നെങ്കിൽ അവൾ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു,’ അവർ പറഞ്ഞു.
പെൺകുട്ടി സ്കൂളിൽ പോകുന്ന വഴിയിൽ യുവാക്കൾ സൈക്കിളിൽ വന്ന് വഴി തടയുമായിരുന്നെന്നും പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ട് ഫലമൊന്നും കാണാത്തതിനാൽ തങ്ങൾ ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
‘എന്റെ മകൾ പഠിക്കാൻ മിടുക്കിയായിരുന്നു. അവൾ എത്രമാത്രം സങ്കടങ്ങളാണ് സഹിച്ചതെന്ന് എനിക്ക് ആലോചിക്കാൻ വയ്യ. മരിക്കുന്നതിന്റെ തലേന്നും പ്രതികൾ അവളെ വയലിന്റെ അടുത്ത് നിന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്,’ പിതാവ് പറഞ്ഞു.
പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതായി ചിത്രകൂട് പൊലീസ് സൂപ്രണ്ട് അരുൺ കുമാർ സിങ് പറഞ്ഞു. അതോടൊപ്പം ബന്ധപ്പെട്ട സ്റ്റേഷനിലെ ഓഫീസറെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: UP, Girl Kills Self After Alleged Police Inaction on Sexual Harassment