ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തുന്നതിനുവേണ്ടി ആദിത്യനാഥും കൂട്ടാളികളും വ്യാപകമായി പ്രചരിപ്പിച്ച ഒരു വിഷയമായിരുന്നു ‘ലൗ ജിഹാദ്’. ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ നീക്കമായിരുന്നു ഇത്.
ഇപ്പോള്‍ ഉത്തര്‍പ്രദേശ് രാഷ്ട്രിയത്തില്‍ വീണ്ടും ‘ലൗ ജിഹാദ്’ അജണ്ട പ്രയോഗിക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ് യോഗി ആദിത്യ നാഥ്. കാണ്‍പൂരിലെ ഹിന്ദു-മുസ്‌ലിം വിവാഹങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒമ്പത് അംഗ പൊലീസ് സംഘത്തെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിയോഗിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്ന മുസ്‌ലിം യുവാക്കള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷണത്തില്‍ പരിശോധിക്കുമെന്ന് കാണ്‍പൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മോഹിത് അഗര്‍വാള്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.ഗൂഢാലോചനയിലെ പങ്കും വിദേശത്ത് നിന്ന് യുവാക്കള്‍ക്ക് ധനസഹായം ലഭിക്കുന്നുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുകയും ചെയ്യുമെന്ന് അഗര്‍വാള്‍ പറഞ്ഞു.
യു.പിയില്‍ ലൗ ജിഹാദ് ഗൂഢാലോചന നടക്കുന്നുണ്ടെന്ന് നിരവധി വലതുപക്ഷ ഗ്രൂപ്പുകള്‍ ആരോപണം ഉയര്‍ത്തിയതിന് പിന്നാലെയാണ് അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
21 കാരിയായ യുവതി ഒരു മുസ്‌ലിം യുവാവിനെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചിരുന്നു. അതിന് ശേഷം സ്വന്തം ഇഷ്ടപ്രകാരം തന്നെ മതപരിവര്‍ത്തനം നടത്തുകയും ചെയ്തതു. ഇത് യുവതി കോടതിയില്‍ പറഞ്ഞിരുന്നു. ജൂലൈയിലാണ് അവര്‍ വീട് വിട്ടുപോകുന്നത്.
എന്നാല്‍ മാതാപിതാക്കള്‍ വ്യാജ തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് യുവതി ആരോപണം ഉന്നയിച്ചിരുന്നു.