|

'കൊക്കിനെ കൊണ്ടുപോയവര്‍ക്ക് പ്രധാനമന്ത്രിയുടെ വീട്ടിലെ മയിലുകളെ കൊണ്ടുപോകാന്‍ കഴിയുമോ'; അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമേഠി: പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സാരസ് കൊക്കിനെ (Sarus Crane) രക്ഷിച്ച് പരിചരിച്ച യുവാവിനെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് വനം വകുപ്പ്. അമേഠി ജില്ലയിലെ മന്ദ്ഖ സ്വദേശിയായ ആരിഫ് ഖാന്‍ ഗുര്‍ജാറിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ആരിഫിനൊപ്പം ഉണ്ടായിരുന്ന കൊക്കിനെ മാര്‍ച്ച് 21ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തിരുന്നു. പി.ടി.ഐയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതിന്റെ സ്വാഭാവികമായ ചുറ്റുപാടില്‍ ജീവിക്കുന്നതിനായി കൊക്കിനെ റായ്ബറേലിയിലെ സമാസ്പൂര്‍ പക്ഷി സങ്കേതത്തിലേക്ക് മാറ്റിയതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മൊഴി രേഖപ്പെടുത്തുന്നതിനായി ഏപ്രില്‍ നാലിന് ഗൗരിഗഞ്ച് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു കൊണ്ട് ആരിഫിന് നോട്ടീസ് അയച്ചിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിലെ പ്രധാന വകുപ്പുകള്‍ ചുമത്തിയാണ് ആരിഫിനെതിരെ നോട്ടീസ് നല്‍കിയിരിക്കുന്നത്.

അതിനിടെ പത്രസമ്മേളനത്തില്‍ വനം വകുപ്പിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്ത് വന്നു. പ്രധാനമന്ത്രിയുടെ വസതിയിലെ മയിലുകളെ എടുത്തുകൊണ്ട് പോകാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ധൈര്യമുണ്ടാകുമോ എന്ന് അഖിലേഷ് യാദവ് പരോക്ഷമായി ചോദിച്ചു. ആരിഫും അഖിലേഷിനൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

നേരത്തെ ആരിഫിനെയും പക്ഷിയെയും കാണാന്‍ എത്തിയ അഖിലേഷ് ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

എന്നാല്‍ അഖിലേഷിന്റെ ആരോപണങ്ങള്‍ക്കെതിരെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഡി.എന്‍ സിങ് രംഗത്ത് വന്നു. ആരിഫിന്റെ അനുവാദത്തോട് കൂടിയാണ് നടപടികള്‍ സ്വീകരിച്ചതെന്ന് ഡി.എന്‍ സിങ് പറഞ്ഞു. സാധാരണയായി ഈ പക്ഷികള്‍ ഇണകളായാണ് ജീവിക്കുന്നതെന്നും ഒറ്റക്കാകുന്നത് അതിന്റെ ജീവിതത്തെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: UP Forest department filed a case against a man who rescued Sarus crane