ബുര്‍ഖയ്ക്ക് നിരോധനം ഇല്ല: കോളേജ് അതോറിറ്റി നിര്‍ദേശിച്ച നിറത്തിലുള്ളത് ധരിക്കണമെന്നുമാത്രം; വിശദീകരണവുമായി യു.പി കോളേജ് പ്രിന്‍സിപ്പല്‍
India
ബുര്‍ഖയ്ക്ക് നിരോധനം ഇല്ല: കോളേജ് അതോറിറ്റി നിര്‍ദേശിച്ച നിറത്തിലുള്ളത് ധരിക്കണമെന്നുമാത്രം; വിശദീകരണവുമായി യു.പി കോളേജ് പ്രിന്‍സിപ്പല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th September 2019, 11:34 am

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ബുര്‍ഖ ധരിച്ചെത്തുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ വാര്‍ത്ത നിഷേധിച്ച് കോളേജ് പ്രിന്‍സിപ്പല്‍.

ബുര്‍ഖ ധരിച്ച് കോളേജില്‍ എത്തുന്നവര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതായി കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അത്തരത്തിലൊരു നിരോധനം ഇല്ലെന്നും വാര്‍ത്തകള്‍ തെറ്റാണെന്നുമാണ് കോളേജ് അധികൃതര്‍ ഇപ്പോള്‍ നല്‍കുന്ന വിശദീകരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫിറോസാബാദിലെ എസ്.ആര്‍.കെ കോളേജ് ആയിരുന്നു വിവാദത്തില്‍പ്പെട്ടത് എന്നാല്‍ ഏഴ് വര്‍ഷം മുന്‍പുള്ള നിയമങ്ങളാണ് കോളേജ് പിന്തുണടരുന്നതെന്നും പുതിയ നിയമങ്ങളൊന്നും നടപ്പില്‍ വരുത്തിയിട്ടില്ലെന്നുമാണ് അതോറിറ്റി പ്രതികരിച്ചത്.

കോളേജ് യൂണിഫോം ധരിക്കാതെയും ഐഡന്റിറ്റി കാര്‍ഡ് ഇല്ലാതെയും വരുന്ന വിദ്യാര്‍ത്ഥികളെ കോളേജില്‍ പ്രവേശിപ്പിക്കാറില്ല. – കോളേജ് പ്രിന്‍സിപ്പല്‍ പ്രഭാസ്‌ക്കര്‍ റായ് പറഞ്ഞു.

കോളേജിനകത്ത് ബുര്‍ഖയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. കോളേജ് അതോറിറ്റി അനുമതി നല്‍കിയ നിറത്തിലുള്ള ബുര്‍ഖ ധരിക്കുന്നതില്‍ പ്രശ്‌നമൊന്നും ഇല്ല. ചാരനിറമുള്ള ബുര്‍ഖ ധരിക്കാനാണ് നിലവില്‍ അനുമതിയുള്ളത്. വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡ് ചാരനിറത്തിലുള്ള കുര്‍ത്തയും വെള്ള നിറത്തിലുള്ള പൈജാമയുമാണ്.

ചാര നിറത്തിലില്ലാത്ത ബുര്‍ഖ ധരിച്ചുവരുന്ന വിദ്യാര്‍ത്ഥികളെ കോളേജിനകത്ത് കയറ്റാറുണ്ട്. പക്ഷേ അത് ഡ്രസിങ് റൂമില്‍ നിന്നും മാറ്റിയ ശേഷം ക്ലാസില്‍ കയറാനാണ് അനുമതി നല്‍കിയത്. ക്ലാസ് റൂമിന് തൊട്ടടുത്തായിട്ട് തന്നെയാണ് ഡ്രസ് ചേഞ്ചിങ് റൂം.

സെപ്റ്റംബര്‍ ഒന്നാം തിയതി കോളേജ് ക്യാമ്പസില്‍ പുറത്തുനിന്നെത്തിയ ചിലരുടെ നേതൃത്വത്തില്‍ അടിപിടി നടന്നിരുന്നു. അതിനാലാണ് കോളേജില്‍ പ്രത്യേക യൂണിഫോം നിര്‍ബന്ധമാക്കിയതെന്നുമാണ് കോളേജ് അതോറിറ്റിയുടെ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കറുത്ത ബുര്‍ഖ ധരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമീപം വലിയൊരു വടിയുമായി നില്‍ക്കുന്ന കോളേജ് പ്രിന്‍സിപ്പലിന്റെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോളേജില്‍ ബുര്‍ഖയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായ വാര്‍ത്ത പുറത്തുവന്നത്.

എന്നാല്‍ കോളേജ് കാമ്പസിനകത്ത് നിരവധി കുരങ്ങന്‍മാര്‍ എത്താറുണ്ടെന്നും അവയെ നേരിടാന്‍ വേണ്ടിയാണ് വടിയുമായി നിന്നതെന്നുമാണ് ഇതിന് പ്രിന്‍സിപ്പല്‍ നല്‍കിയ വിശീദീകരണം. അല്ലാതെയുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ നിര്‍േേദശപ്രകാരമാണ് കോളേജില്‍ ഡ്രസ് കോഡ് നിര്‍ബന്ധമാക്കിയതെന്ന റിപ്പോര്‍ട്ടും പ്രിന്‍സിപ്പല്‍ നിഷേധിച്ചു. കോളേജ് അതോറിറ്റിയുടെ മാത്രം തീരുമാനമാണ് ഇതെന്നും പൊലീസിന് ഇതില്‍ പങ്കൊന്നുമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.