ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി കര്‍ഷകര്‍. തെരുവില്‍ അലഞ്ഞു തിരിയുന്ന നൂറുകണക്കിന് പശുക്കളെ യോഗിയുടെ തെരഞ്ഞെടുപ്പ് റാലി നടക്കുന്ന പ്രദേശത്തിന് സമീപം തുറന്നുവിട്ടായിരുന്നു കര്‍ഷകരുടെ പ്രതിഷേധം.
ഇത്തരത്തില്‍ അലഞ്ഞുതിരിയുന്ന പശുക്കള്‍ തങ്ങളുടെ വിളകള്‍ നശിപ്പിക്കുകയാണെന്നും ഇത്തരം പശുക്കളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു കര്‍ഷകര്‍ ഇത്തരമൊരു പ്രതിഷേധത്തിനിറങ്ങിയത്.
ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘ബരാബന്‍കിയിലെ യോഗിയുടെ പ്രചരണ പരിപാടിക്ക് മുന്‍പ് കര്‍ഷകര്‍ നൂറുകണക്കിന് തെരുവു പശുക്കളെ റാലി നടക്കുന്ന പ്രദേശത്തിന് സമീപം തുറന്നു വിട്ടിരിക്കുകയാണ്. അലഞ്ഞു തിരിയുന്ന ഈ കന്നുകാലികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് കര്‍ഷകര്‍,’ വീഡിയോ പങ്കുവെച്ച ട്വിറ്റര്‍ ഹാന്‍ഡില്‍ കുറിക്കുന്നു.
എന്നാല്‍ ബരാബന്‍കിയിലെ ഉന്നതാധികാരകികളില്‍ നിന്നോ മുഖ്യമന്ത്രിയില്‍ നിന്നോ ഇക്കാര്യത്തില്‍ പെട്ടന്ന് ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല.
ഇതിന് മറുപടിയെന്നോണമായി യു.പിയില്‍ ബി.ജെ.പി അധികാരം നിലനിര്‍ത്തിയാല്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പ്രശ്നം പരിഹരിക്കുമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ യോഗി സംഭവത്തിന് ശേഷം പങ്കുവെച്ചിരുന്നു.
അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ മൂലം ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാര്‍ച്ച് 10ന് ശേഷം ഒരു പുതിയ സംവിധാനം ഉണ്ടാക്കുമെന്നും. പാല്‍ തരാത്ത പശുവിന്റെ ചാണകം ഉപയോഗിച്ച് വരുമാനം നേടാനുള്ള വഴിയൊരുക്കും എന്നുമായിരുന്നു മോദി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ വിമര്‍ശനുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബി.ജെ.പി സര്‍ക്കാര്‍ ഈ വിഷയം അവഗണിക്കുകയാണെന്നും തെരഞ്ഞെടുപ്പിന് മുമ്പാണ് അവര്‍ ഇക്കര്യം ഓര്‍ത്തതെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം.
2019-ല്‍ സംസ്ഥാന ബജറ്റില്‍ പശുത്തൊഴുത്തുകള്‍ക്കായി പ്രത്യേക ഫണ്ട് അനുവദിച്ചിരുന്നു. ഇത്തരം തൊഴുത്തുകള്‍ പരിപാലിക്കുന്നതിനും വേണ്ട വിധത്തിലുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ ഭരണകൂടങ്ങളെയും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളെയും ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
ഗ്രാമപ്രദേശങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട പശുക്കള്‍ക്ക് സൗകര്യമൊരുക്കാന്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി അഥവാ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിക്കാന്‍ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Content Highlight: UP Farmers Release Stray Cattle Near Yogi Adityanath’s Rally Venue