| Monday, 7th March 2022, 10:37 am

വര്‍ഗീയത പറയുന്ന ആദിത്യനാഥോ, വികസനം പറയുന്ന അഖിലേഷോ? നിങ്ങളുടെ വോട്ട് തീരുമാനിക്കും നമ്മള്‍ ആര്‍ക്കൊപ്പം പോകണമെന്ന്: പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.പിയില്‍ നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും വര്‍ഗീയത പറഞ്ഞാണ് വോട്ടുപിടിക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടിയും ബി.ജെ.പിയും തമ്മിലാണ് യഥാര്‍ത്ഥ മത്സരം നടക്കുന്നതെന്നും ജനങ്ങളുടെ വോട്ടാണ് യു.പി ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് തീരുമാനിക്കുന്നതെന്നും ഭൂഷണ്‍ പറഞ്ഞു.

സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തൊഴിലിനെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും വികസനത്തെക്കുറിച്ചും സംസാരിക്കുമ്പോള്‍ മോദിയും യോഗിയും വര്‍ഗീയത മാത്രമാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ അവസാന ഘട്ട വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. 54 നിയോജക മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക.

ഒമ്പതു ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയും അഖിലേഷ് യാദവിന്റെ അസംഗഡും ഇതില്‍ ഉള്‍പ്പെടുന്നു.

യു.പിയിലെ ഏഴാം ഘട്ട വോട്ടെടുപ്പോടെ അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് പൂര്‍ത്തിയാകും.രണ്ട് കോടി ആറു ലക്ഷം വോട്ടര്‍മാരാണ് ഏഴാം ഘട്ടത്തില്‍ വോട്ട് ചെയ്യുന്നത്. 613 സ്ഥാനാര്‍ഥികളാണ് ഏഴാം ഘട്ടത്തില്‍ മത്സരിക്കുന്നത്.

നിലവില്‍ ബി.ജെ.പിക്ക് വലിയതരത്തില്‍ ആശങ്കയുള്ള സംസ്ഥാനമാണ് യു.പി. ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് പോയ നേതാക്കള്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നുണ്ട്.

പ്രചരണ സമയത്ത് ബി.ജെ.പിയുടെ ദേശീയനേതാക്കള്‍ യു.പിയില്‍ ക്യാമ്പ് ചെയ്തിരുന്നു. നരേന്ദ്രമോദിയും വാരാണസിയില്‍ ക്യാമ്പ് ചെയ്തിരുന്നു.

കോണ്‍ഗ്രസിന് വേണ്ടി പ്രിയങ്ക ഗാന്ധിയും അഖിലേഷ് യാദവിന് വേണ്ടി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രചരണത്തിനെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more