ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നതില്‍ ആശങ്കപ്രകടിപ്പിച്ച് ഐ.എം.എ. പ്രയാഗ് രാജ് ജില്ലയില്‍ 97 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കേസുകള്‍ ഉയരാനാണ് സാധ്യതയെന്ന് അധികൃതര്‍ പറയുന്നു.
പ്രയാഗ് രാജിന് പുറമെ മറ്റ് പല ജില്ലകളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫിറോസാബാദില്‍ 1200 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
കേസുകള്‍ വര്‍ധിക്കുന്നതിനിടെ ആരോഗ്യ വകുപ്പിനെതിരെ വിമര്‍ശനവുമായി ആഗ്രയിലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് ഉപാധ്യായ് രംഗത്തെത്തിയിട്ടുണ്ട്.
ആരോഗ്യവകുപ്പ് പുതുക്കിയ ഡാറ്റ നല്‍കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സാഹചര്യം വളരെ മോശമാണെന്നും 40 മുതല്‍ 50 ശതമാനം രോഗികള്‍ ഡെങ്കി, വൈറല്‍ എന്നിവ ബാധിച്ചാണ് വരുന്നതെന്നും അതില്‍ 60 ശതമാനം കുട്ടികള്‍ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസം, യു.പിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡെങ്കിപ്പനി നേരിടുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്ന പിടിപ്പുകേട് വ്യക്തമാക്കി ഐ.എം.എ രംഗത്തുവന്നത്.
ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്റെ ഇരട്ട നേട്ടങ്ങളുടെ തിളങ്ങുന്ന ഉദാഹരണമാണ് യു.പി എന്നാണ് മോദി അവകാശപ്പെട്ടത്.