'പൊലീസിനു വീഴ്ച പറ്റി, കുടുംബത്തിന്റെ പരാതികള്‍ പരിഹരിക്കും'; ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് യു.പി ഡി.ജി.പി
Hathras Gang Rape
'പൊലീസിനു വീഴ്ച പറ്റി, കുടുംബത്തിന്റെ പരാതികള്‍ പരിഹരിക്കും'; ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് യു.പി ഡി.ജി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd October 2020, 5:41 pm

ലക്‌നൗ: ഹാത്രാസ് കേസില്‍ പൊലീസിന്റെ ഭാഗത്തും വീഴ്ചകളുണ്ടെന്ന് യു.പി ഡി.ജി.പി എച്ച്. സി അവസ്തി. ഹാത്രാസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

പെണ്‍കുട്ടി കൊല്ലപ്പെട്ടതിനുശേഷം ആദ്യമായി കുടുംബത്തെ കാണാനെത്തുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് അവസ്തി.

പൊലീസിനെതിരെ നിരവധി പരാതികളാണ് കുടുംബം മുന്നോട്ടുവെച്ചത്. പെണ്‍കുട്ടിയെ കാണാന്‍ അനുവദിച്ചില്ലെന്നും മൃതദേഹം നിര്‍ബന്ധിച്ച് സംസ്‌കരിച്ചെന്നും കുടുംബം ഡി.ജി.പിയെ അറിയിച്ചു.

എല്ലാ പരാതികള്‍ക്കും പരിഹാരമുണ്ടാകുമെന്ന് ഡി.ജി.പി കുടുംബത്തിന് ഉറപ്പുനല്‍കിയെന്നും കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

കേസില്‍ യു.പി പൊലീസ് സ്വീകരിച്ച നിലപാടിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് വിലക്കുകയും കുടുംബാംഗങ്ങളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തതായും പരാതിയുയര്‍ന്നിരുന്നു. മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകരുകയും നാവ് മുറിക്കപ്പെടുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

അതേസമയം കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്സ്‌കര്‍ ഭീഷണിപ്പെടുത്തിയതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

‘പകുതി മാധ്യമങ്ങള്‍ ഇന്ന് പോകും. ബാക്കി പകുതിപേര്‍ നാളേയും. ഞങ്ങളെ നിങ്ങളുടെ കൂടെയുണ്ടാകൂ. പ്രസ്താവന മാറ്റണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്’, പ്രവീണ്‍ കുമാര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി.

സംഭവത്തില്‍ അലഹാബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. അലഹബാദ് കോടതിയുടെ ലക്‌നൗ ബെഞ്ചാണ് കേസെടുത്തിരിക്കുന്നത്. സ്വമേധയാ കേസെടുത്ത കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights;  UP DGP Visits Hatras Girl’s family