ലക്‌നൗ: ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ ന്യായീകരിച്ചും ആദരവ് പ്രകടിപ്പിച്ചും ഉത്തര്‍പ്രദേശ് ഡി.ജി.പി ഒ.പി സിംഗ്. ആഭ്യന്തര സെക്രട്ടറിയുമായി ചേര്‍ന്ന് പത്രസമ്മേളനം നടത്തുന്നതിനിടെയായിരുന്നു ഡി.ജി.പി എം.എല്‍.എയെ ആദരസൂചകമായി “മാനനീയ” എന്ന അഭിസംബോധന ചെയ്തത്.
മാത്രമല്ല അദ്ദേഹം ബലാത്സംഗക്കേസിലെ പ്രതിയാണെന്നും എന്തിനാണ് ബഹുമാനാര്‍ത്ഥം മാനനീയ എന്ന് വിശേഷിപ്പിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ എം.എല്‍.എ കുറ്റാരോപിതന്‍ മാത്രമാണെന്നായിരുന്നു ഡി.ജി.പിയുടെ മറുപടി.
” ബഹുമാനപ്പെട്ട എം.എല്‍.എയുടെ പേരില്‍ ബലാത്സംഗക്കേസ് ചുമത്തിയിട്ടുണ്ട്.” എന്നായിരുന്നു ഡി.ജി.പിയുടെ പരാമര്‍ശം. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍ ആദരവ് പ്രകടിപ്പിച്ചത് അദ്ദേഹം എം.എല്‍.എയാണെന്നതിനാലാണെന്നും ഇതുവരെയും അദ്ദേഹം കുറ്റവാളിയാണെന്ന് തെളിഞ്ഞിട്ടില്ലെന്നുമായിരുന്നു ഡി.ജി.പിയുടെ മറുപടി.
അതേസമയം കുല്‍ദീപ് സെന്‍ഗാറിനെതിരെ പോക്‌സോ നിയമപ്രകാരം കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ടെന്ന് ഡി.ജി.പി പറഞ്ഞു. മാഖി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ ഇതുവരെയും ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല.
എം.എല്‍.എ ക്കെതിരെ കേസെടുക്കാത്തതിന്റെ പേരില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതോടെയാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായത്.
തൊട്ടടുത്ത ദിവസമാണ് പെണ്‍കുട്ടിയുടെ അച്ഛനായ പപ്പു സിംഗ് ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ വച്ച് മരണപ്പെട്ടത്. ഇയാളെ പൊലീസും ബി.ജെ.പി പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദ്ദിച്ചാണ് കൊലപ്പെടുത്തിയതെന്ന ആരോപിച്ച് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് പപ്പുസിംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Also Read: കശ്മീരിലെ എട്ടുവയസുകാരിയെ കൊന്നവര്‍ നമുക്ക് ചുറ്റിലുമുണ്ട്
2017 ജൂലായ് നാലിനാണ് എം.എല്‍.എയും സഹോദരനും തന്നെ ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടി പറയുന്നു. തന്റെ പരാതിയില്‍ കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും മാസങ്ങള്‍ നീണ്ട പ്രതിഷേധത്തിന് ശേഷമാണ് പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും പെണ്‍കുട്ടി പറഞ്ഞു.
അതേസമയം കേസില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് സി.ബി.ഐക്ക് കൈമാറാന്‍ തീരുമാനിച്ചതെന്ന് യു.പി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും സി.ബി.ഐക്ക് കൈമാറാനും യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്.
WATCH THIS VIDEO: