മതപരിവർത്തനത്തിൻ്റെ പേരിൽ യു.പിയിൽ ദളിത് യുവാവിൻ്റെ തല മൊട്ടയടിച്ച് പരേഡ് നടത്തി
ലഖ്‌നൗ: ഉത്തർപ്രദേശിൽ ക്രിസ്തുമതം സ്വീകരിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ അപമാനിച്ച് തീവ്ര ഹിന്ദുത്വവാദികൾ. ശുബ്രൻ പാസ്വാൻ എന്ന ദളിത് യുവാവിനെയാണ് ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്തും പരസ്യമായി അപമാനിച്ചത്. ഡിസംബർ 27 വെള്ളിയാഴ്ച ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലാണ് സംഭവം നടന്നത്.
പാസ്വാൻ ക്രിസ്തുമതം സ്വീകരിച്ചുവെന്നാരോപിച്ചാണ് തീവ്രഹിന്ദുത്വ വാദികൾ അദ്ദേഹത്തിന് നേരെ ആക്രമണം അഴിച്ച് വിട്ടത്. ഹിന്ദുത്വ ഗ്രൂപ്പുകൾ യുവാവിന്റെ തല മൊട്ടയടിക്കുകയും ചെരിപ്പ് കൊണ്ട് അടിക്കുകയും പ്രാദേശിക ക്ഷേത്രത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്തു. ക്ഷേത്രത്തിലെത്തിയ പാസ്വാൻ ഹനുമാൻ ചാലിസ ചൊല്ലാൻ നിർബന്ധിതനായി.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലൂടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ തീവ്ര ഹിന്ദുത്വ വാദികൾ പാസ്വാനെയും കൊണ്ട് ജയ് ശ്രീറാം വിളികളുടെ അകമ്പടിയോടെ പരേഡ് നടത്തുന്നത് കാണാം.
സംഭവത്തിൽ തന്നെ ശാരീരികമായി ആക്രമിക്കുക മാത്രമല്ല മാനസികമായി ഉപദ്രവിക്കുകയും ‘ചമർ’ പോലുള്ള ജാതീയമായ അധിക്ഷേപങ്ങൾക്ക് ഇരയാക്കുകയും ചെയ്തുവെന്ന് പാസ്വാൻ പറഞ്ഞു. ഔപചാരികമായി പരാതി നൽകാൻ ശ്രമിച്ചിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പാസ്വാൻ ജില്ലാ മജിസ്‌ട്രേറ്റിന് നിവേദനം നൽകി.
പാസ്വാൻ ക്രിസ്ത്യാനിയായി മാറിയതിനാലാണ് ഇതുണ്ടായതെന്ന് പറഞ്ഞ് ബജ്റംഗ്ദളിൻ്റെയും വി.എച്ച്. പിയുടെയും മുതിർന്ന നേതാവ് സംഭവത്തെ ന്യായീകരിക്കാൻ ശ്രമിച്ചു.