യു.പി; കസ്റ്റഡിയിൽ വെച്ച് ദളിത് യുവാവ് മരിച്ചു; നാല് പൊലീസുകാർക്കെതിരെ കേസ്
national news
യു.പി; കസ്റ്റഡിയിൽ വെച്ച് ദളിത് യുവാവ് മരിച്ചു; നാല് പൊലീസുകാർക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th October 2024, 8:33 am

ലഖ്‌നൗ: ഉത്തർപ്രദേശിൽ ചൂതാട്ടത്തിന് പൊലീസ് അറസ്റ്റ് ചെയ്ത ദളിത് യുവാവ് കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്ന് നാല് പൊലീസുകാർക്കെതിരെ കേസ്. ദളിത് യുവാവിൻ്റെ പെട്ടെന്നുള്ള മരണത്തെ തുടർന്ന് ലഖ്‌നൗ പൊലീസിന് നേരെ കടുത്ത വിമർശനം ഉയർന്നിരുന്നു. അമൻ ഗൗതമൻ എന്ന യുവാവാണ് മരണപ്പെട്ടത്.

പൊലീസ് മർദനത്തെ തുടർന്നാണ് അമൻ ഗൗതം മരിച്ചതെന്ന് കുടുംബം ആരോപിച്ചു. എന്നാൽ, പൊലീസ് വാഹനത്തിൽ കയറ്റിയതിന് തൊട്ടുപിന്നാലെ ഹൃദയാഘാതം മൂലമാണ് ഗൗതം മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഇലക്‌ട്രീഷ്യനായ ഗൗതമിന്റെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പി.ആർ.വിയിലെ (പൊലീസ് റെസ്‌പോൺസ് വെഹിക്കിൾ) നാല് പൊലീസുകാർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു.

ഗൗതമിൻ്റെ കുടുംബാംഗങ്ങളും നാട്ടുകാരും പ്രവർത്തകരും പ്രതിപക്ഷ പാർട്ടി അംഗങ്ങളും ചേർന്ന് പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മണിക്കൂറുകളോളം റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.

വികാസ് നഗറിലെ സെക്ടർ എട്ടിലെ പ്രാദേശിക അംബേദ്കർ പാർക്കിൽ ചിലർ ചൂതാട്ടം നടത്തുന്നതായി ഒക്ടോബർ 11ന് രാത്രി എമർജൻസി സർവീസ് പൊലീസ് വാഹനത്തിന് വിവരം ലഭിച്ചതായി ലഖ്‌നൗ പൊലീസ് പറഞ്ഞു.

പൊലീസ് സ്ഥലത്തെത്തിയപ്പോൾ, ചൂതാട്ടം നടത്തിയവർ തന്നെ ഓടാൻ തുടങ്ങിയെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (എഡി.സി.പി) നോർത്ത് ലഖ്‌നൗ ജിതേന്ദ്ര കുമാർ ദുബെ പറഞ്ഞു.

സോനു ബൻസാൽ, അമൻ ഗൗതം എന്നീ രണ്ടുപേരെ പൊലീസ് പിടികൂടുകയായിരുന്നു. അവരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നെന്നും വാഹനത്തിൽ ഇരിക്കുമ്പോൾ ഗൗതമിൻ്റെ ആരോഗ്യനില പെട്ടെന്ന് വഷളായതായി പൊലീസ് പറഞ്ഞു. ഉടൻ തന്നെ ഗൗതമിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എങ്കിലും അവിടെ വെച്ച് മരിച്ചുവെന്ന് ഡോക്ടർമാർ പറഞ്ഞെന്നാണ് ലക്‌നൗ പൊലീസിന്റെ വാദം.

എന്നാൽ, ഗൗതമിൻ്റെ കുടുംബം പൊലീസിന്റെ അവകാശവാദങ്ങളെ എതിർത്തു. ഹൃദയാഘാതം മൂലമാണ് ഗൗതം മരിച്ചതെന്ന് കരുതുന്നുണ്ടെങ്കിലും അതിന് ഉത്തരവാദി പൊലീസാണെന്ന് അദ്ദേഹത്തിൻ്റെ സഹോദരി സുധ ഗൗതം പറഞ്ഞു.

‘എന്റെ സഹോദരൻ മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പൊലീസ് പറഞ്ഞു. എന്നാൽ അതിന് കാരണക്കാർ പൊലീസ് തന്നെയാണ്. അവർ അവന്റെ നെഞ്ചിൽ ആക്രമിച്ചിരിക്കാം. അവന് ഹൃദയ സംബന്ധമായ രോഗങ്ങൾ ഒന്നും തന്നെയില്ല. പൊലീസ് കസ്റ്റഡിയിൽ അമൻ മരിച്ചതിനാൽ, അവനെ കൂട്ടിക്കൊണ്ടുപോയ പൊലീസുകാർക്ക് ആണ് അതിന്റെ പൂർണ ഉത്തരവാദിത്തം,’ സുധ പറഞ്ഞു.

Content Highlight: UP: Dalit Man Dies of ‘Heart Attack’ in Police Custody; 4 Cops Booked Amid Assault Allegations