23 വര്‍ഷം മുമ്പുള്ള കേസിന്റെ വാദത്തിന് വന്നില്ല; എ.എ.പി എം.പി സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്
national news
23 വര്‍ഷം മുമ്പുള്ള കേസിന്റെ വാദത്തിന് വന്നില്ല; എ.എ.പി എം.പി സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st August 2024, 5:20 pm

ലഖ്‌നൗ: 23 വര്‍ഷം മുമ്പുള്ള കേസിന്റെ വാദത്തിന് ഹാജരാവാത്തതില്‍ ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ്ങടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് കോടതി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ കോടതിയുടേതാണ് ഉത്തരവ്. ആഗസ്റ്റ് 28ന് മുമ്പ് മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.

2001 ജൂണ്‍ 19ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ സമാജ്വാദി പാര്‍ട്ടി എം.എല്‍.എ അനൂപ് സാന്ദയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഉത്തരവിറക്കിയത്.

മുന്‍ കൗണ്‍സിലര്‍മാരായ കമല്‍ ശ്രീവാസ്തവ, വിജയ് കുമാര്‍, സന്തോഷ്, സുഭാഷ് ചൗധരി എന്നിവരാണ് അന്നത്തെ പ്രതിഷേധത്തിലുള്‍പ്പെട്ടിരുന്നത്. കേസ് വാദത്തിനെടുത്തപ്പോള്‍ ഇവര്‍ വരാതിരുന്നതില്‍ കോടതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

സംഭവത്തില്‍ കോട്വാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് 2023 ജനുവരി 11ന് സ്പെഷ്യല്‍ മജിസ്ട്രേറ്റ് യോഗേഷ് യാഥവ് കേസില്‍ പ്രതികള്‍ക്ക് മൂന്ന് മാസത്തെ തടവും 1500 രൂപ പിഴയും വിധിച്ചിരുന്നു.

എന്നാല്‍ ആഗസ്റ്റ് 9ന് സ്പെഷ്യല്‍ മജിസ്ട്രേറ്റ് പ്രതികളോട് കോടതിയില്‍ ഹാജരാവാന്‍ ഉത്തരവിട്ടിട്ടും ആറുപേരും ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

പിന്നാലെ ആഗസ്റ്റ് 22ന് ഹരജിയുമായി ബന്ധപ്പെട്ട വാദം ഉണ്ടാവുമെന്ന് ഇവരുടെ അഭിഭാഷകന്‍ അറിയിച്ചെങ്കിലും 28നകം പ്രതികളെ എല്ലാവരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ സുല്‍ത്താന്‍പൂര്‍ കോടതി ഉത്തരവിടുകയായിരുന്നു.

Content Highlight: UP court orders arrest of AAP MP Sanjay Singh, five others for skipping hearing in 2001 protest case