തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; നടി ജയപ്രദയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് യു.പി കോടതി
India
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; നടി ജയപ്രദയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് യു.പി കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th February 2024, 9:00 am

രാംപുര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തില്‍ നടിയും ബി.ജെ.പി സ്ഥാനാര്‍ഥിയും മുന്‍ എം.പിയുമായ ജയപ്രദയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് ഉത്തര്‍പ്രദേശിലെ രാംപുര്‍ കോടതി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയപ്രദ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് കേസ്.

നടിയെ അറസ്റ്റ് ചെയ്ത് മാര്‍ച്ച് 6ന് ഹാജരാക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പേരില്‍ രണ്ട് കേസുകളാണ് നടിക്കെതിരെ നിലനില്‍ക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് നിരവധി തവണ ജയപ്രദക്ക് കോടതി സമന്‍സ് അയച്ചിരുന്നെങ്കിലും അവര്‍ ഹാജരായിരുന്നില്ല. പിന്നീട് ഏഴ് തവണ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിന് സാധിച്ചില്ല.

നടി അറസ്റ്റില്‍ നിന്ന് ഒഴിഞ്ഞ് മാറാനാണ് ശ്രമിക്കുന്നതെന്നും അവരുടെ മൊബൈല്‍ നമ്പറുകളെല്ലാം സ്വിച്ച് ഓഫാണെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. ഒളിവില്‍ കഴിയുന്ന നടിയെ അറസ്റ്റ് ചെയ്ത് മാര്‍ച്ച് ആറിന് ഹാജരാക്കണമെന്ന് കോടതി പിന്നീട് ഉത്തരവിടുകയായിരുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാംപൂരില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന താരം സമാജ്‌വാദി പാര്‍ട്ടിയുടെ അസം ഖാനോട് പരാജയപ്പെട്ടു. 2004ലും 2009ലും സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റിലാണ് രാംപൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് എസ്.പിയില്‍ നിന്ന് ജയപ്രദയെ പുറത്താക്കുകയായിരുന്നു.

Contant Highlight:  UP Court Declares Ex MP Jaya Prada “Absconder”, Orders Arrest