| Friday, 29th September 2023, 9:16 am

യു.പിയിൽ അധ്യാപകന്റെ ബൈക്കിൽ തോക്ക് കൊണ്ടുവെച്ച് പൊലീസിന്റെ കള്ളക്കേസ്; സി.സി.ടി.വി ദൃശ്യം പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മീററ്റ്: ഉത്തർപ്രദേശിൽ അധ്യാപകനെ കള്ളക്കേസിൽ കുടുക്കാൻ ബൈക്കിൽ പൊലീസുകാർ തോക്ക് കൊണ്ടുവച്ചെന്ന് ആരോപണം.

പ്രദേശത്തെ സ്വകാര്യ കോച്ചിങ് സ്ഥാപനത്തിൽ അധ്യാപകനായ അങ്കിത് ത്യാഗി എന്ന 26കാരനെ ആയുധക്കടത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സി.സി.ടി.വി ദൃശ്യങ്ങളിൽ പൊലീസ് കോൺസ്റ്റബിൾമാരായ സന്തോഷ്‌ കുമാർ, ദിനേശ് കുമാർ എന്നിവർ ചേർന്ന് വാഹനം പരിശോധിക്കുന്നതായി നടിച്ച് അതിൽ നാടൻ തോക്ക് കൊണ്ടുവെച്ചതാണെന്ന് വ്യക്തമായി.

അഞ്ച് മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിൽ നിന്ന് അങ്കിതിനെ കേസിൽ കുടുക്കാൻ ശ്രമിച്ചതാണെന്ന് വ്യക്തമായെങ്കിലും വിട്ടയച്ചിരുന്നില്ല. തങ്ങളുടെ ഭാഗം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ഇയാളുടെ സഹോദരി ഒരു രാത്രി മുഴുവൻ മീററ്റ് ഐ.ജിയുടെ വസതിക്ക് പുറത്ത് കാത്തിരുന്നു. 15 മണിക്കൂറിന് ശേഷമാണ് അങ്കിതിനെ വെറുതെ വിട്ടതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

മീററ്റിലെ ഐ.ജിയുടെ ഓഫീസിൽ സി.സി.ടി.വി വീഡിയോ ക്ലിപ്പുമായി എത്തിയ അങ്കിതിന്റെ സഹോദരി രാഖി വീഡിയോ ഐ.ജിയെ കാണിക്കണമെന്ന് അപേക്ഷിച്ചെങ്കിലും പൊലീസ് അതിന് തയ്യാറായില്ല. തുടർന്നാണ് ഐ.ജിയുടെ വസതിക്ക് പുറത്ത് കാത്തിരുന്നത്.

അധ്യാപകന്റെ കുടുംബം പ്രദേശത്തെ മറ്റൊരു കുടുംബവുമായി കുറേ കാലമായി തർക്കത്തിലാണ്. ഈ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് അങ്കിതിനെ കേസിൽ കുടുക്കാൻ ശ്രമിച്ചത് എന്നാണ് ആരോപണം.

സംഭവത്തെ തുടർന്ന് കോൺസ്റ്റബിൾമാരെ ട്രാൻസ്ഫർ ചെയ്തു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് റൂറൽ എസ്.പി കമലേഷ് ബഹാദൂർ അറിയിച്ചു.

Content Highlight: UP Cops Allegedly Plant Gun On Teacher’s Bike, Arrest Him For Arms Smuggling

We use cookies to give you the best possible experience. Learn more