പാസ്‌പോര്‍ട്ട് വെരിഫിക്കേഷനു പകരം മാധ്യമപ്രവര്‍ത്തകയോട് ആലിംഗനമാവശ്യപ്പെട്ടു: പൊലീസുദ്യോഗസ്ഥനെതിരെ നടപടി
National
പാസ്‌പോര്‍ട്ട് വെരിഫിക്കേഷനു പകരം മാധ്യമപ്രവര്‍ത്തകയോട് ആലിംഗനമാവശ്യപ്പെട്ടു: പൊലീസുദ്യോഗസ്ഥനെതിരെ നടപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th July 2018, 5:51 pm

ഗാസിയാബാദ്: പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ തന്നെ ആലിംഗനം ചെയ്യണമെന്ന് മാധ്യമപ്രവര്‍ത്തകയോടാവശ്യപ്പെട്ട പൊലീസുദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. ഗാസിയാബാദില്‍ നിന്നുള്ള പൊലീസുദ്യോഗസ്ഥനെതിരെയാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതിപ്രകാരം നടപടിയെടുത്തിരിക്കുന്നത്.

തനിക്കുനേരെയുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് ഹിന്ദുസ്ഥാന്‍ ടൈംസില്‍ മാധ്യമപ്രവര്‍ത്തകയായ ശ്വേത ഗോസ്വാമി ട്വിറ്ററില്‍ കുറിച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്. വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ചതിനു പകരമായി തനിക്കെന്താണു നല്‍കുക എന്ന് ഉദ്യോഗസ്ഥന്‍ ചോദിച്ചതായി പറയുന്ന കുറിപ്പില്‍ വിദേശ കാര്യമന്ത്രി സുഷമ സ്വരാജിനെയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെയും ടാഗ് ചെയ്തിരുന്നു.


Also Read: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 5 കോടി ഇന്ത്യാക്കാരുടെ ദാരിദ്ര്യം മാറ്റി; വികസനം നടക്കാത്തത് പ്രതിപക്ഷം കാരണം: നരേന്ദ്ര മോദി


“പാസ്‌പോര്‍ട്ട് പുതുക്കലുമായി ബന്ധപ്പെട്ട പൊലീസ് വെരിഫിക്കേഷന്റെ സമയത്തുപോലും ഒരു പരാതിക്കാരിയുടെ സുരക്ഷ അപകടത്തിലാണെന്നത് വലിയ വീഴ്ചയാണ്. അല്‍പസമയം മുന്‍പ് വെരിഫിക്കേഷനായെത്തിയ പൊലീസുകാരനില്‍ നിന്നും വളരെ അസ്വാസ്ഥ്യജനകമായ അനുഭവമാണ് എനിക്കുണ്ടായത്” കുറിപ്പില്‍ ശ്വേത പറയുന്നു.

അവസരം കാത്തിരുന്ന ഉദ്യോഗസ്ഥന്‍ മനപൂര്‍വം വെരിഫിക്കേഷന്‍ വൈകിക്കുകയായിരുന്നുവെന്നും ശ്വേത ആരോപിക്കുന്നു. ദേവേന്ദ്ര സിംഗ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് മാധ്യമപ്രവര്‍ത്തക ആരോപണമുന്നയിച്ചിരിക്കുന്നത്.

കുറിപ്പുകള്‍ പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാവുകയും ഗാസിയാബാദ് പൊലീസ് ട്വിറ്റര്‍ വഴി തന്നെ പ്രതികരിക്കുകയുമായിരുന്നു. “ദേവേന്ദ്രസിംഗിനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.” ഗാസിയാബാദ് പൊലീസിന്റെ കുറിപ്പില്‍ പറയുന്നു.

പൊലീസില്‍ വ്യക്തിപരമായി പരാതിപ്പെടുന്നതോടൊപ്പം പരസ്യപ്രസ്താവന നടത്തിയത് പൊതുജനത്തെ ഈ വിഷയത്തില്‍ ജാഗരൂകരാക്കാന്‍ വേണ്ടിയാണെന്നും ശ്വേത പറയുന്നു.