| Thursday, 7th May 2020, 5:25 pm

തിരിച്ചെത്തിയ തൊഴിലാളികള്‍ക്ക് മുടക്കിയ തുക തിരികെ നല്‍കാന്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ നീക്കം; വിവരങ്ങള്‍ നല്‍കാതെ യോഗി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: മറ്റ് സംസ്ഥാനങ്ങളില്‍നിന്നും യു.പിയിലേക്ക് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ ടിക്കറ്റ് ഇനത്തില്‍ ചെലവാക്കിയ തുക മടക്കി നല്‍കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലാണ് ഈ തീരുമാനം. മറ്റ് സംസ്ഥാനങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളുടെ വിവരങ്ങള്‍ നല്‍കണമെന്ന് കോണ്‍ഗ്രസ് ജില്ലാ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടു.

എന്നാല്‍, വിവരങ്ങള്‍ കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് യു.പി.സി.സി നേതാവ് അജയ് കുമാര്‍ ലല്ലു ആരോപിച്ചു.

‘എല്ലാ പി.സി.സിമാരുടെയും മേല്‍നോട്ടത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ഇവിടേക്ക് എത്തിയ കുടിയേറ്റ തൊഴിലാളികള്‍ ടിക്കറ്റ് ചാര്‍ജിനായി മുടക്കിയ തുക തിരികെ നല്‍കണമെന്നാണ് ഞങ്ങളുടെ നേതാവ് പ്രിയങ്ക ഗാന്ധിയുടെ നിര്‍ദ്ദേശം. ഇതിനായി തൊഴിലാളികളുടെ വിവരങ്ങള്‍ കൈമാറാന്‍ ഞങ്ങള്‍ സര്‍ക്കാരിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും അപേക്ഷകള്‍ നല്‍കുകയും ചെയ്തു. രണ്ട് ദിവസമായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല’, അജയ് കുമാര്‍ ലല്ലു പറഞ്ഞു.

കുടിയേറ്റ തൊഴിലാളികള്‍ അവസാനമായി എത്തിയ ഭക്ഷണ ശാലകളില്‍നിന്നുപോലും വിവരങ്ങള്‍ നല്‍കുന്നില്ലെന്നും ലല്ലു പറഞ്ഞു.

‘ഗുജറാത്തില്‍നിന്നും കര്‍ണാടകത്തില്‍നിന്നും മടങ്ങിയെത്തിയ തൊഴിലാളികളില്‍നിന്നും അവിടുത്തെ സര്‍ക്കാര്‍ നിര്‍ബന്ധിച്ച് പണം ഈടാക്കിയിരുന്നു. മടങ്ങിയെത്തിയവരുടെ വിവരങ്ങള്‍ നല്‍കാന്‍ യു.പി സര്‍ക്കാര്‍ തയ്യാറാകുന്നുമില്ല. ടിക്കറ്റ് തുക തിരിച്ച് നല്‍കി തൊഴിലാളികളെ സഹായിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പക്ഷേ, ആ സഹായം ചെയ്യാന്‍ സര്‍ക്കാര്‍ കോണ്‍ഗ്രസിനെ അനുവദിക്കുന്നില്ല’, കോണ്‍ഗ്രസ് എം.എല്‍.എ ആരാധന മിശ്ര കുറ്റപ്പെടുത്തി.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ച തുക കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്നില്ലെന്നും മിശ്ര ആരോപിച്ചു. റെയില്‍വെയും മറ്റ് വകുപ്പുകള്‍ക്കുമായി കോടിക്കണക്കിന് തുകയാണ് ലഭിച്ചിട്ടുള്ളത്. എന്നിട്ടും അവര്‍ കുടിയേറ്റ തൊഴിലാളികളില്‍നിന്നും പണം പിരിച്ചു. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ ആ തുക പകുത്തെടുക്കണമെന്നാണ് നിയമം. പക്ഷേ, യു.പി സര്‍ക്കാര്‍ അതിന് തയ്യാറാവുന്നില്ല. അതാണ് സര്‍ക്കാരിന്റെ പരാജയവുമെന്നും അദ്ദേഹം പറഞ്ഞു.

ഒരുവശത്ത് സംസ്ഥാനത്തില്‍നിന്നുള്ള തൊഴിലാളികളെ തിരിച്ചെത്തിക്കുമെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നതെങ്കും മറുഭാഗത്ത് അവരുടെ ടിക്കറ്റ് ചെലവ്‌പോലും വഹിക്കാന്‍ തയ്യാറാവുന്നില്ലെന്നും ലല്ലു വിമര്‍ശിച്ചു. സര്‍ക്കാരിന്റെ ഉള്ളിലിരിപ്പ് എന്താണെന്ന് മനസിലാകുന്നില്ല. തൊഴിലാളികളുടെ കാര്യത്തില്‍ കരിനിയമമാണ് സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സംസ്ഥാനത്ത് തൊഴില്‍ നിയമങ്ങള്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more