ആശുപത്രിയില്‍ യോഗിയുടെ സന്ദര്‍ശനം;രോഗികളെയും കൂട്ടിരിപ്പുകാരെയും പൂട്ടിയിട്ടു
National
ആശുപത്രിയില്‍ യോഗിയുടെ സന്ദര്‍ശനം;രോഗികളെയും കൂട്ടിരിപ്പുകാരെയും പൂട്ടിയിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th May 2018, 10:41 pm

ആഗ്ര: യു.പിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശുപത്രി സന്ദര്‍ശനത്തെ തുടര്‍ന്ന് രോഗികളെയും കൂട്ടിരിപ്പുകാരെയും പൂട്ടിയിട്ടു. ആഗ്രയിലെ എസ്.എന്‍ മെഡിക്കല്‍ കേളെജിലാണ് സംഭവം. ശനിയാഴ്ചയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് നാല്‍പ്പതിയഞ്ച് മിനിറ്റോളം രോഗികളെയും കൂട്ടിരിപ്പുകാരെയും പൂട്ടിയിട്ടത്.

കഴിഞ്ഞ ആഴ്ച്ചയുണ്ടായ കനത്ത മഴയെയും ഇടി മിന്നലിനെയും തുടര്‍ന്ന് പരിക്കേറ്റവരെ കാണാനായിട്ടായിരുന്നു മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ഇതിനിടെയാണ് ആശുപത്രിയിലെ മറ്റ് രോഗികളെയും കൂട്ടിരിപ്പുകാരെയും ഇടനാഴിയിലും മുറികളിലുമായി പൂട്ടിയിട്ടത്.


Pls Watch [വീഡിയോ] നരേന്ദ്ര മോദിക്ക് ശേഷം ഞങ്ങള്‍ അവതരിപ്പിക്കുന്നു… അടുത്ത ബി.ജെ.പി തരംഗം; ലോക ചിരിദിനത്തില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ ട്രോള്‍ ചെയ്ത് കോണ്‍ഗ്രസ്


മുഖ്യമന്ത്രിയുടെ സന്ദര്‍ശനസമയത്ത് ശബദമുണ്ടാക്കരുതെന്ന് ആശുപത്രി ജീവനക്കാര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായി ചില രോഗികള്‍ വെളിപ്പെടുത്തി.

മുഖ്യമന്ത്രി വരുന്നതറിഞ്ഞ് തങ്ങള്‍ക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നെന്നും ആശുപത്രിയിലെ ചികിത്സ വളരെയധികം മോശമാണെന്ന് കാര്യം മുഖ്യമന്ത്രിയെ നേരിട്ട് ബോധ്യപ്പെടുത്തണമെന്നുണ്ടായിരുന്നെന്നും എന്നാല്‍ ആശുപത്രിയധികൃതര്‍ തങ്ങളെ അതിന് സമ്മതിച്ചില്ലെന്നും ആഗ്ര സ്വദേശിയായ പപ്പു കുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചാല്‍ ജയില്‍ പോകേണ്ടി വരുമെന്നും പുറത്തിറങ്ങാന്‍ നോക്കിയാല്‍ അടി കിട്ടുമെന്നും ആശുപത്രി ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതായി മറ്റൊരു രോഗിയുടെ ഭാര്യയായ ശിവാനി പറഞ്ഞു.

എന്നാല്‍ ആരോപണങ്ങള്‍ മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പാള്‍ സരോജ് സിംഗ് നിഷേധിച്ചു രോഗികള്‍ക്കെതിരായ ഒരു തീരുമാനവും ഭരണസമിതി നിര്‍ദേശിച്ചിട്ടില്ല. ചിലപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ താല്‍ക്കാലികമായി വല്ല തീരുമാനവും സുരക്ഷക്ക് വേണ്ടി എടുത്തിരിക്കാം ആദ്ദേഹം പറഞ്ഞു.

വീഡിയോ കടപ്പാട് ടെെംസ് ഒാഫ് ഇന്ത്യ