national news
ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ അയോധ്യക്ക് തന്നത് 30,000 കോടി; ഫണ്ടിന് ഒരു ക്ഷാമവുമുണ്ടാകില്ല: യോഗി ആദിത്യനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Nov 28, 03:30 am
Monday, 28th November 2022, 9:00 am

ലഖ്‌നൗ: ബി.ജെ.പിയുടെ ‘ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍’ അയോധ്യയെ ഒരു ആഗോള ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയുടെ വികസനത്തിന് വേണ്ടി 30,000 കോടി രൂപയുടെ പദ്ധതികള്‍ ബി.ജെ.പിയുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരുകള്‍ അനുവദിച്ചിട്ടുണ്ടെന്നും ബി.ജെ.പി മുഖ്യമന്ത്രി പറഞ്ഞു.

ഞായറാഴ്ച, അയോധ്യയില്‍ രാമായണ്‍ മേള പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി.

”അയോധ്യയുടെ വികസനത്തിന് വേണ്ടി 30,000 കോടി രൂപയുടെ പദ്ധതികള്‍ സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ ചേര്‍ന്ന് അനുവദിച്ചിട്ടുണ്ട്. അയോധ്യ നഗരത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്.

അയോധ്യയെ മതപരവും സാംസ്‌കാരികവും ആത്മീയവുമായ പ്രധാന്യമുള്ള കേന്ദ്രമാക്കി വളര്‍ത്തിയെടുക്കുക മാത്രമല്ല, ജനങ്ങളുടെ ക്ഷേമത്തിന് വേണ്ട ഇവിടെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുക കൂടി സര്‍ക്കാര്‍ ചെയ്യും. രാമന്റെ ജന്മസ്ഥലം ആഗോളതലത്തില്‍ തന്നെ ഒരു ടൂറിസം കേന്ദ്രമായി മാറും.

പുതിയ ഇന്ത്യയിലെ പുതിയ ഉത്തര്‍പ്രദേശിനെയായിരിക്കും അത് ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുക,” യോഗി ആദിത്യനാഥ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയുടെ ഫലമാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണമെന്നും യോഗി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

”500 വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പിന് ശേഷം, ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ ശ്രീരാമന് വേണ്ടി ഒരു ക്ഷേത്രം പണിയുകയാണ്.

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സമാധാനം, സമൃദ്ധി, ഐക്യം, പൊതുക്ഷേമം എന്നിവക്കായി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലും ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച 20 രാജ്യങ്ങളുടെ കൂട്ടത്തിലുണ്ടാകും.

ഭാവിയിലെ അയോധ്യയെയും ഉത്തര്‍പ്രദേശിനെയും 2047ല്‍ നമ്മള്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയെയും മനസില്‍ മുന്‍കൂട്ടി കണ്ട് പദ്ധതികള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. പൗരനെന്ന നിലയില്‍ നമ്മള്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയും മൊത്തത്തിലുള്ള വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യണം,” ബി.ജെ.പി നേതാവ് കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ മുന്‍ സര്‍ക്കാരുകളെ വിമര്‍ശിച്ചുകൊണ്ടും യോഗി സംസാരിച്ചു.

2017ന് മുമ്പ് അയോധ്യ ഇരുട്ടില്‍ പൂണ്ടുകിടക്കുകയായിരുന്നു. എന്നാലിന്ന് നഗരം മുഴുവന്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മാത്രമല്ല തടസമില്ലാതെ വൈദ്യുതി ലഭിക്കുന്നുമുണ്ട്.

നിയമസംവിധാനങ്ങള്‍ ഉത്തര്‍പ്രദേശില്‍ നടപ്പാക്കപ്പെടുന്നു. ദാദകളെ പോലെ കറങ്ങി നടന്നിരുന്നവര്‍ ഇന്ന് തല താഴ്ത്തിക്കൊണ്ട് കാളവണ്ടി ഓടിക്കുകയാണ്,” യോഗി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി മോദിയും യു.പി സര്‍ക്കാരും ചേര്‍ന്ന് അയോധ്യയെ ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമാക്കി മാറ്റാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ അത് സാധ്യമാകുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

അയോധ്യയില്‍ 1057 കോടി രൂപയുടെ 46 അടിസ്ഥാനസൗകര്യ വികസന പദ്ധതികളും പരിപാടിയില്‍ വെച്ച് യോഗി പ്രഖ്യാപിച്ചു.

അയോധ്യയുടെ വികസനത്തിന്റെ കാര്യത്തില്‍ ഒരിക്കലും ഫണ്ടിന് ക്ഷാമം വരില്ലെന്നും നേരത്തെ ഒരു യോഗി യോഗത്തിനിടെ ആദിത്യനാഥ് പറഞ്ഞിരുന്നു.

Content Highlight: UP CM Yogi Adityanath says BJP’s double-engine govt gave Rs 30,000 crore for Ayodhya