| Wednesday, 10th May 2023, 10:29 pm

'ദി കേരള സ്റ്റോറി' ടീമുമായി കൂടിക്കാഴ്ച നടത്തി യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ‘ദി കേരള സ്റ്റോറി’ ടീമുമായി കൂടിക്കാഴ്ച നടത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചിത്രത്തിലെ പ്രധാന കഥാപാത്രം ആദാ ശര്‍മ, ഡയറക്ടര്‍ സുദീപ്‌തോ സെന്‍, പ്രൊഡ്യൂസര്‍ വിപുല്‍ അമൃത്‌ലാല്‍ ഷാ എന്നിവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തുകയും സമയം ചെലവഴിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം യു.പിയില്‍ ചിത്രത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു.

കൂടിക്കാഴ്ചയില്‍ ചിത്രത്തിനെ കുറിച്ച് അണിയറപ്രവര്‍ത്തകര്‍ മന്ത്രിയുമായി സംസാരിച്ചു. മന്ത്രിയോട് സിനിമ കാണാന്‍ പ്രൊഡ്യൂസര്‍ ആവശ്യപ്പെട്ടു.

‘ ഉത്തര്‍പ്രദേശ് സര്‍ക്കാരും മുഖ്യമന്ത്രി യോഗി ആദിത്യനാഥും എടുത്ത തീരുമാനം ഞങ്ങളുടെ മനോവീര്യം വര്‍ധിപ്പിച്ചു. അദ്ദേഹം ശക്തമായ സന്ദേശം നല്‍കിയത് കൊണ്ടാണ് ഇത്രയധികം ആളുകള്‍ ചിത്രം കണ്ടത്. അതിന് ഞങ്ങള്‍ അദ്ദേഹത്തോട് നന്ദി പറയുന്നു’, ചിത്രത്തിന്റെ നിര്‍മാതാവ് വിപുല്‍ പറഞ്ഞു.

സിനിമയുടെ നികുതി ഒഴിവാക്കിയതിനും ഉത്തര്‍പ്രദേശിലെ ജങ്ങള്‍ക്ക് സിനിമ കാണാന്‍ അവസരം നല്‍കിയതിനും മുഖ്യമന്ത്രിക്ക് നന്ദിയറിയിക്കാനാണ് ഞങ്ങള്‍ വന്നതെന്നും ഡയറക്ടര്‍ സുദീപ്‌തോ സെന്‍ പറഞ്ഞു.

ചിത്രം മുസ്‌ലിംങ്ങള്‍ക്ക് എതിരല്ലെന്നും ഭീകരവാദത്തിന് എതിരാണെന്നും നിര്‍മാതാവ് വിപുല്‍ നേരത്തെ പറഞ്ഞിരുന്നു. ഇരകളുടെയും കുടുംബത്തിന്റെയും കഥ പങ്കുവെക്കാനാണ് സിനിമ നിര്‍മിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിനിമ കണ്ടതിന് ശേഷം പലരുടെയും മനസ് മാറിയെന്നും അവര്‍ തന്നോട് മാപ്പ് ചോദിച്ചതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ ദിവസം ദി കേരള സ്റ്റോറി സിനിമക്കെതിരെ വിമര്‍ശനവുമായി നടന്‍ ടൊവിനോ തോമസും രംഗത്ത് വന്നു. 32000 എന്നെഴുതിയ ഡിസ്‌ക്രിപ്ഷന്‍ നിര്‍മാതാക്കള്‍ പിന്നീട് മൂന്നാക്കി മാറ്റിയെന്നും 32000 വ്യാജമായ കണക്കാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ടൊവിനോ പറഞ്ഞു.

കേരളത്തിന്റെ സ്റ്റോറി ഇതല്ലെന്നും അത് താന്‍ സമ്മതിച്ച് തരില്ലെന്നും ടൊവിനോ പറഞ്ഞു. പ്രളയകാലത്ത് സ്നേഹം കൊണ്ടും കരുണ കൊണ്ടും ഒരുമിച്ച് നിന്ന ലക്ഷകണക്കിന് ജനങ്ങളുണ്ടെന്നും അന്ന് രാഷ്ട്രീയ പാര്‍ട്ടികളോ മതങ്ങളോ ആരേയും വിഭജിക്കുന്നത് നമ്മള്‍ കണ്ടിട്ടില്ലെന്നും ദി ഇന്ത്യന്‍ എക്സ്പ്രെസിന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞു.

Contenthighlight: UP CM meet the kerala story team

We use cookies to give you the best possible experience. Learn more