| Monday, 8th August 2022, 11:11 pm

യോഗി ആദിത്യനാഥിന് വധഭീഷണി; സുരക്ഷ കൂട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. ഭീഷണിയെത്തുടര്‍ന്ന് യു.പി പൊലീസ് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുയാണ്. ഡയല്‍ 112ന്റെ കണ്‍ട്രോള്‍ റൂമിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.

മൂന്ന് ദിവസത്തിനകം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബ് ഉപയോഗിച്ച് വധിക്കുമെന്നാണ് ഭീഷണി സന്ദേശത്തില്‍ എഴുതിയിരുന്നത്. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സുശാന്ത് ഗോള്‍ഫ് സിറ്റി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

പ്രതികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഷാഹിദ് ഖാന്‍ എന്ന യുവാവാണ് വാട്സ്ആപ്പ് നമ്പറിലേക്ക് ഭീഷണി സന്ദേശം അയച്ചതെന്നാണ് പൊലീസ് പറയുന്നത്.

മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ കമാന്‍ഡര്‍ സുഭാഷ് കുമാറിനാണ് കേസന്വേഷണത്തിന്റെ ചുമതല.

സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സുരക്ഷാ ഏജന്‍സികളും അറിയിച്ചു.

CONTENT HIGHLGT: UP Chief Minister Yogi Adityanath receives death threats

We use cookies to give you the best possible experience. Learn more