ലഖ്‌നൗ: രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പുതിയ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒമിക്രോണിനെ വെറുതെ പേടിക്കേണ്ടതില്ലെന്നും, വൈറല്‍ പനി പോലുള്ള ചെറിയ അസുഖമാണതെന്നുമായിരുന്നു യോഗി പറഞ്ഞത്.
‘ഒമിക്രോണ്‍ വോഗത്തില്‍ പടരുന്നു എന്ന കാര്യം ശരി തന്നെ. എന്നാല്‍ അതിനെ പേടിക്കേണ്ടതില്ല. ചെറിയ തോതിലുള്ള അസുഖം മാത്രമാണ് അത് ഉണ്ടാക്കുന്നത്.
വൈറസിന്റെ ശക്തി കുറഞ്ഞിരിക്കുകയാണ്. വൈറല്‍ പനി പോലെയാണ് ഇപ്പോഴത്, എന്നാല്‍ കരുതല്‍ ആവശ്യമാണ്. ആരും പേടിക്കേണ്ടതില്ല,’ യോഗി പറയുന്നതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
#WATCH | #Omicron spreads fast but causes very mild disease. The virus has weakened. It is like viral fever but precautions are necessary. However, there is no need to panic: UP Chief Minister Yogi Adityanath pic.twitter.com/bpepHZzRwz
കൊവിഡിന്റെ ഡെല്‍റ്റ വകഭേദം പോലെ അപകടകാരിയല്ല ഒമിക്രോണെന്നും, രോഗം ബാധിച്ച ആളുകള്‍ 4-5 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സുഖം പ്രാപിക്കുന്നുണ്ടെന്നും യോഗി പറയുന്നു.
‘കൊവിഡിന്റെ ഡെല്‍റ്റ വകഭേദം പടര്‍ന്നു പിടിച്ച മാര്‍ച്ച് ഏപ്രില്‍ സമയങ്ങളില്‍ 15-20 ദിവസം വരെയായിരുന്നു ആളുകള്‍ക്ക് പൂര്‍ണമായും സുഖപ്പെടാന്‍ ആവശ്യമുണ്ടായിരുന്നത്. കൊവിഡ് സൃഷ്ടിച്ച സങ്കീര്‍ണതകളും ഏറെയായിരുന്നു. എന്നാല്‍ ഒമിക്രോണിന്റെ സ്ഥിതി അങ്ങനെയല്ല,’ യോഗി പറയുന്നു.
ഇതുവരെ എട്ട് പേര്‍ക്കാണ് ഉത്തര്‍പ്രദേശില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ നാല് പേര്‍ രോഗമുക്തരായെന്നും ഉത്തര്‍പ്രദേശ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
കൊവിഡ്-ഒമിക്രോണ്‍ പടര്‍ന്നു പിടിക്കാന്‍ ഏറെ സാധ്യത കല്‍പിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ യാതൊരു വിധത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളുമില്ലാതെയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ യോഗങ്ങളും റാലികളും സംഘടിപ്പിക്കുന്നത്.
കൊവിഡ് വാക്‌സിനേഷന്റെ കാര്യത്തിലും യു.പി പുറകില്‍ തന്നെയാണ്. ആകെ ജനസംഖ്യയുടെ 30 ശതമാനം ആളുകള്‍ക്ക് മാത്രമാണ് രണ്ട് ഡോസ് വാകിസിന്‍ നല്‍കാന്‍ സാധിച്ചിട്ടുള്ളത്.
നേരത്തെ, ഉത്തര്‍പ്രദേശിലെ കൊവിഡ് മാനേജ്‌മെന്റിനെ വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തിയിരുന്നു.
കൊവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ യാതൊരു വിധത്തിലുള്ള നടപടികളും സ്വീകരിച്ചില്ലെന്നും, ലോകത്തിലെ തന്നെ ഏറ്റവും മോശം കൊവിഡ് മാനേജ്മെന്റ് ഉത്തര്‍പ്രദേശിലേതാണെന്നുമായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്.
‘കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉത്തര്‍പ്രദേശിന്റെ അവസ്ഥ ഖേദകരമാണ്. യോഗി സര്‍ക്കാര്‍ ശ്മശാനങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല ആളുകളെ അവിടെയെത്തിക്കാനുള്ള സജ്ജീകരണങ്ങളും ചെയ്തു,’ കെജ്‌രിവാള്‍ പറഞ്ഞു.
എന്നാല്‍, കൊവിഡിന്റെ വീഴ്ച മറച്ചുവെക്കാന്‍ പരസ്യങ്ങള്‍ക്കായി കോടികളാണ് യോഗി ചെലവഴിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ചാണ് യു.എസ് മാഗസിനുകളില്‍ പത്ത് പേജ് പരസ്യം കൊടുത്തതെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കെജ്‌രിവാള്‍ വിമര്‍ശനമുന്നയിച്ചു. എന്നാല്‍ മോദിയുടെ പേര് പരാമര്‍ശിക്കാതെ ഒളിയമ്പെയ്യുന്ന രീതിയിലാണ് മോദിക്കെതിരെ കെജ്‌രിവാള്‍ വിമര്‍ശനമുന്നയിച്ചത്.
‘മുസ്‌ലിങ്ങള്‍ ഇവിടെ ഖബര്‍സ്ഥാനുകള്‍ പണിതാല്‍ നമ്മളിവിടെ ശ്മശാനങ്ങളും പണികഴിപ്പിക്കണമെന്നാണ് ബി.ജെ.പിയുടെ ഒരു ഉന്നതനായ നേതാവ് നേരത്തെ പറഞ്ഞിരുന്നത്.
എന്നാല്‍, അക്കാര്യം മാത്രമാണ് യോഗി ഇവിടെ വൃത്തിയായി ചെയ്തിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ ശ്മശാനം നിര്‍മിക്കുക മാത്രമല്ല, ആളുകളെ അവിടെയെത്തിക്കാനുള്ള നടപടിയും യോഗി ആദിത്യനാഥ് കൃത്യമായിത്തന്നെ ചെയ്തിട്ടുണ്ട്,’ കെജ്‌രിവാള്‍ പറഞ്ഞു.