ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനായി 5 സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഉമേഷ് കുമാര്‍ ദിവാകര്‍, സ്‌നേഹ ലത, കരിഷ്മ താക്കൂര്‍, സുനില്‍ മിശ്ര, രജ്മംഗല്‍ യാദവ് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
സംവരണ മണ്ഡലങ്ങളായ ഇഗ്നിസ്, തുന്ദിയ എന്നീ സീറ്റുകള്‍ക്ക് പുറമെ ഗോവിന്ദ് നഗര്‍, ജലാല്‍പൂര്‍, ഘോഷിയ സീറ്റുകളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുടെ ഒഴിവുകളിലേക്കടക്കം പന്ത്രണ്ടോളം മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെയെല്ലാം ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെന്നാണ് സൂചന. പ്രിയങ്ക ഗാന്ധിയെ മുന്‍നിര്‍ത്തി സംസ്ഥാനത്ത് പാര്‍ട്ടിയെ കെട്ടിപ്പടുക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
അതേസമയം വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് പ്രതിപക്ഷ കക്ഷികളെ അണി നിരത്തി സഖ്യം രൂപീകരിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ജെ.എം.എം, ജെ.വി.എം.പി, ആര്‍.ജെ.ഡി, ഇടതുപാര്‍ട്ടികള്‍ എന്നിവരുമായി മഹാസഖ്യം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ച കോണ്‍ഗ്രസ് ആരംഭിച്ചു. പുതിയ സംസ്ഥാന അദ്ധ്യക്ഷനെ തെരഞ്ഞെടുത്തതിന് ശേഷമാണ് സഖ്യത്തിനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്.