ലഖ്‌നൗ: യു.പിയില്‍ നടന്ന ഒരു ശിലാസ്ഥാപന ചടങ്ങിനിടെ നിയന്ത്രണം വിട്ട് ജാവന്‍പൂരിലെ ബി.ജെ.പി എം.എല്‍.എയായ രമേശ് മിശ്ര. രക്തസാക്ഷി സ്മാരകം നിര്‍മ്മിക്കുന്നതിനായി ശിലാസ്ഥാപന ചടങ്ങ് നടത്തുന്നതിനിടെയാണ് ബി.ജെ.പി എം.എല്‍.എയുടെ പരാക്രമം.
ചടങ്ങില്‍ തന്നെ ക്ഷണിച്ചിട്ടില്ല എന്ന് പറഞ്ഞായിരുന്നു എം.എല്‍.എ ആദ്യം സംഘാടകരോട് തട്ടിക്കയറിയത്. പിന്നീട് ശിലാഫലകം നോക്കിയപ്പോള്‍ അതിലും എം.എല്‍.എയുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ എം.എല്‍.എയുടെ നിയന്ത്രണം നഷ്ടപ്പെട്ടു.
ചടങ്ങിന്റെ ഭാഗമായി നടത്തുന്ന പൂജയ്ക്കായി ഒരുക്കിയിരുന്ന സാധന സാമഗ്രികള്‍ എം.എല്‍.എ അലങ്കോലമാക്കി. കാല് കൊണ്ട് പൂജാ സാധനങ്ങള്‍ ചവിട്ടി തെറിപ്പിക്കുകയും ആക്രോശിക്കുകയുമായിരുന്നു എം.എല്‍.എ. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ സംഘാടകര്‍ കുഴങ്ങി.
നിര്‍മ്മാണത്തിലിരിക്കുന്ന ഷഹീദ് സ്മാരകത്തിന് ഗേറ്റ് സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് ശിലാസ്ഥാപന ചടങ്ങ് സംഘടിപ്പിച്ചത്. എന്നാല്‍ സ്ഥലം എം.എല്‍.എയായ തന്നെ എന്തുകൊണ്ട് വിളിച്ചില്ലെന്നായിരുന്നു എം.എല്‍.എയുടെ ചോദ്യം.
തന്റെ മണ്ഡലത്തിലാണ് ചടങ്ങ് നടക്കുന്നത്. അതിനാല്‍ ശിലാഫലകത്തില്‍ തന്റെ പേര് നിര്‍ബന്ധമായി ഉണ്ടാകേണ്ടതാണ്. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും എം.എല്‍.എ പറഞ്ഞു.
എന്നാല്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ എം.എല്‍.എ വീണ്ടും മലക്കംമറിഞ്ഞു.
ചടങ്ങില്‍ ജനപ്രതിനിധികള്‍ സംബന്ധിക്കേണ്ടതിന്റെ പ്രാധാന്യം പ്രദേശത്തെ ഉദ്യോഗസ്ഥരെ ഓര്‍മ്മപ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തതെന്നും മറ്റ് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നുമായിരുന്നു എം.എല്‍.എയുടെ വാദം.
ജാന്‍പൂരിലെ ബത്‌ലപൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിയാണ് മിശ്ര.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക