| Thursday, 18th July 2019, 6:08 pm

അംഗങ്ങളുടെ ക്വാട്ട തികയ്ക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മെമ്പര്‍ഷിപ്പ് വിതരണം ചെയ്ത് ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: പാര്‍ട്ടി അംഗത്വത്തിലേക്കുള്ള ആളുകളുടെ ക്വാട്ട തികയ്ക്കാന്‍ സ്‌കൂളില്‍ അംഗത്വ ഫോം വിതരണം ചെയ്ത് ബി.ജെ.പി എം.എല്‍.എ. ഉത്തര്‍പ്രദേശിലെ ചന്ദൗലിയില്‍ നിന്നുള്ള എം.എല്‍.എ സുശീല്‍ സിങാണ് അംഗത്വം തികയ്ക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അംഗത്വ ഫോം വിതരണം ചെയ്തത്.

അംഗത്വ ഫോം പൂരിപ്പിച്ചു തരാനും പാര്‍ട്ടി ചിഹ്നം പതിപ്പിച്ച ഷാള്‍ പുതയ്ക്കാനുമാണ് കുട്ടികളോട് സുശീല്‍ സിങ് ആവശ്യപ്പെട്ടത്. ക്ലാസ് മുറിയിലെത്തി കുട്ടികളെ ബി.ജെ.പിയിലേക്കു സ്വാഗതം ചെയ്യുന്ന സുശീല്‍ സിങ്ങിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കുട്ടികളെക്കൊണ്ട് പാര്‍ട്ടി പ്രതിജ്ഞ ചൊല്ലിക്കുന്ന എം.എല്‍.എ ക്ലാസ് നടക്കുന്ന സമയത്താണ് അംഗത്വ ഫോം വിതരണ പരിപാടി സംഘടിപ്പിച്ചത്. ഇതിനു വേണ്ടി ക്ലാസ് നിര്‍ത്തിവെക്കുകയും ചെയ്തു.

സുശീല്‍ സിങ് ഈ പ്രദേശത്തെ ബാഹുബലിയാണെന്നും അതുകൊണ്ട് ആരും അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ നില്‍ക്കില്ലെന്നും സ്‌കൂളിലെ അധ്യാപകന്‍ പറഞ്ഞു. ‘വിദ്യാര്‍ഥികളില്‍ കുറേപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. അതിനെക്കുറിച്ച് ആരും ബോധവാന്മാരല്ല’- അധ്യാപകന്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയില്‍ ചേര്‍ക്കേണ്ട അംഗങ്ങളുടെ ക്വാട്ട ഓരോ നേതാക്കളും ബി.ജെ.പി നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. ഇതു തികയ്ക്കാനാണ് നേതാക്കള്‍ വിദ്യാര്‍ഥികളെ ഉപയോഗിക്കുന്നതെന്ന് ബി.ജെ.പി ഭാരവാഹി പറഞ്ഞു.

‘ഇതാണ് ടാര്‍ഗറ്റ് തീര്‍ക്കാനുള്ള എളുപ്പവഴി. മറ്റുള്ള നേതാക്കള്‍ ടാര്‍ഗറ്റ് തീര്‍ക്കാന്‍ സര്‍വകലാശാലകളിലും കോളേജുകളിലുമാണ് പോകുന്നത്’- ബി.ജെ.പി ഭാരവാഹി പറഞ്ഞു.

We use cookies to give you the best possible experience. Learn more