ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതൃത്വം സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ അവഹേളിക്കുന്നുവെന്ന് ബി.ജെ.പിയുടെ സഖ്യ കക്ഷി അപ്‌നാ ദള്‍. കേന്ദ്ര നേതൃത്വം ഇത് പരിശോധിക്കണമെന്നും അടിയന്തര നടപടി എടുക്കണമെന്നും അപ്‌നാ ദള്‍ നേതാവ് ആഷിശ് പട്ടേല്‍ പറഞ്ഞു.
“സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ സമൂഹത്തിലെ ദുര്‍ഭല വിഭാഗങ്ങളെ അവഹേളിക്കുകയാണ്. ഇതില്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു”- അദ്ദേഹം എ.എന്‍.ഐയോട് പറഞ്ഞു
ഇത് പരിഹരിക്കാതെ അപ്‌നാ ദള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒരു പരിപാടികളിലും പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മിര്‍സാപുരില്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ അപ്‌നാ ദള്‍ പങ്കെടുത്തിരുന്നില്ല.
ബി.ജെ.പി തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊള്ളണമെന്നും സംസ്ഥാനത്തെ എസ്.പി-ബി.എസ്.പി സഖ്യം വെല്ലുവിളിയായിരിക്കുകയാണെന്നും യു.പി മന്ത്രിസഭയിലെ അനുപ്രിയ പട്ടേല്‍ പറഞ്ഞിരുന്നു. ബി.ജെ.പിയോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് യോഗി ആദിത്യനാഥിന്റെ കഴിഞ്ഞ രണ്ട് പരിപാടികള്‍ അനുപ്രിയ പട്ടേല്‍ റദ്ദ് ചെയ്തിരുന്നു.
മുന്നണിയില്‍ തങ്ങള്‍ അസ്വസ്ഥരാണെന്ന് ആശിഷ് പട്ടേല്‍ നേരത്തെ പറഞ്ഞിരുന്നു. ചെറു കക്ഷികളെയും പരിഗണിക്കണമെന്നും ബഹുമാനം കിട്ടാതെ മുന്നണിയില്‍ തുടരാനാവില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
ബിഹാറില്‍ മുന്‍ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാര്‍ട്ടി എന്‍.ഡി.എ വിട്ടതിന് പിന്നാലെയാണ് മറ്റൊരു കേന്ദ്രമന്ത്രി കൂടി വിമര്‍ശനവുമായി എത്തുന്നത്. മാര്‍ച്ചില്‍ ടി.ഡി.പിയും എന്‍.ഡി.എ വിട്ടിരുന്നു.