തണ്ടൊടിഞ്ഞ് താമര; ഗൊരക്പൂരിലും ഫുല്‍പൂരിലും ബി.ജെ.പിയെ തകര്‍ത്ത് എസ്.പിയുടെ മുന്നേറ്റം
National
തണ്ടൊടിഞ്ഞ് താമര; ഗൊരക്പൂരിലും ഫുല്‍പൂരിലും ബി.ജെ.പിയെ തകര്‍ത്ത് എസ്.പിയുടെ മുന്നേറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th March 2018, 7:01 pm

ന്യുദല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രിയുടെ മണ്ഡലമായ ഫുല്‍പൂരിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെപിക്ക് കനത്ത തിരിച്ചടി. രണ്ടിടത്തും എസ്.പി വിജയിച്ചു. യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലത്തിലെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫുല്‍പൂരിലെയും തിരിച്ചടി ബി.ജെ.പി ദേശീയ നേതൃത്വത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മത്സരിച്ച മണ്ഡലമാണ് ഫുല്‍പൂര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും രാജിവച്ചതിനെ തുടര്‍ന്നാണ് യു.പിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ കൗശലേന്ദ്ര സിങ് പട്ടേലിനെ 59,613 വോട്ടുകളുടെ വന്‍ഭൂരിപക്ഷത്തിലാണു നാഗേന്ദ്ര സിങ് അട്ടിമറിച്ചത്. 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ കേശവ് പ്രസാദ് മൂന്നു ലക്ഷത്തിലധികം വോട്ടുകള്‍ക്കു ജയിച്ച മണ്ഡലമാണ് ഫുല്‍പൂര്‍.

Read Also : കെ.ടി ജലീലും പ്രതിപക്ഷ നേതാവും ആര്‍ക്ക് പുറം ചൊറിഞ്ഞു കൊടുത്താലും അത് മത സംഘടനകളുടെ ചെലവില്‍ വേണ്ട: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി

2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ യോഗി മൂന്നു ലക്ഷത്തിലേറെ വോട്ടിന് ജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. 25 വര്‍ഷത്തെ രാഷ്ട്രീയ വൈരാഗ്യം മറന്ന് മായാവതിയുടെ ബി.എസ്.പിയും എസ്.പിയും ഒന്നിച്ചതാണ് ഇത്തരം വലിയൊരു നേട്ടത്തിലേക്ക് പോവാന്‍ പ്രതിപക്ഷ സഖ്യത്തിന് സാധിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന് ഒരു വര്‍ഷം തികയും മുമ്പ് ഇത്തരത്തില്‍ ഒരു തിരിച്ചു വരവ് ലഭിച്ചതോടെ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തുടക്കമാവുമെന്ന് ഉറപ്പാണ്.

Read Also : കെ.കെ രമയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി

അതേസമയം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍.ഡി.എ മുന്നണിയില്‍ എത്തിയിട്ടും കനത്ത തിരിച്ചടിയാണ് ബി.ജെ.പി ബീഹാറില്‍ നേരിട്ടത്. നിതീഷ് കുമാര്‍ പോയിട്ടും ആര്‍.ജെ.ഡി തളര്‍ന്നിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ലോക്സഭാ മണ്ഡലമായ അരാരിയിലും നിയമസഭാ മണ്ഡലമായ ജെഹന്നാബാദിലും ആര്‍.ജെ.ഡി മികച്ച വിജയം സ്വന്തമാക്കി. രണ്ടും ആര്‍.ജെ.ഡിയുടെ സിറ്റിംഗ് സീറ്റാണ്.

നിലവില്‍ ബീഹാറിലെ ബാബുവ മണ്ഡലം മാത്രമാണ് ബി.ജെ.പിക്ക് ആശ്വാസിക്കാനുള്ളത്. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി റിങ്കി റാണി 40,000ല്‍ അധികം വോട്ടുകള്‍ക്ക് വിജയിച്ചു. ഇവരുടെ ഭര്‍ത്താവ് ആനന്ദ് ഭൂഷന്‍ പാണ്ഡെയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിലെ ശംഭു പട്ടേലിനെ തോല്‍പ്പിച്ചാണ് റിങ്കി ബി.ജെ.പിക്കായി സീറ്റ് നിലനിര്‍ത്തിയത്.