ലഖ്‌നൗ: ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഹൈന്ദവ ഘോഷയാത്രകള്‍ കടന്നുപോകുന്ന ഇടങ്ങളിലെ പള്ളികള്‍ ഷീറ്റ് കൊണ്ട് മൂടണമെന്ന ഉത്തരവുമായി യു.പി അധികൃതര്‍. ഉത്തര്‍പ്രദേശിലെ ബറേലിയിലും ഷാജഹാന്‍പൂരിലും ഹിന്ദുമത ഘോഷയാത്രകള്‍ നടക്കുന്ന വഴിയില്‍ സ്ഥിതി ചെയ്യുന്ന പള്ളികള്‍ ഷീറ്റ് കൊണ്ട് മൂടാനാണ് ഉത്തരവിട്ടിരിക്കുന്നത്.
ഹോളി സമയത്ത് പള്ളികള്‍ക്ക് മുകളിലേക്ക് നിറങ്ങള്‍ പടരുന്നത് തടയാനാണ് ടാര്‍പോളിന്‍ കൊണ്ട് മൂടാന്‍ അധികാരികള്‍ ആവശ്യപ്പെട്ടതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സമീപ വര്‍ഷങ്ങളില്‍, മതപരമായ ഘോഷയാത്രകളുമായി അനുബന്ധിച്ച് യു.പിയില്‍ നിരവധി വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നിട്ടുണ്ട്.
ഇത്തരം സംഭവങ്ങള്‍ തടയുന്നതിന്റെ ഭാഗമായിട്ടാണ് ഘോഷയാത്ര കടന്നുപോകുന്നിന് മുന്നോടിയായി ബറേലിയിലും ഷാജഹാന്‍പൂരിലേയും പള്ളികള്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മറക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഞായറാഴ്ച ബറേലിയിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് ഘുലെ സുശീല്‍ ചന്ദ്രഭന്റെ നേതൃത്വത്തില്‍ നര്‍സിങ് ക്ഷേത്രത്തില്‍ നിന്നുള്ള രാം ബരാത്ത് ഘോഷയാത്ര കടന്നുപോകുന്ന ഭാഗങ്ങളില്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തിയിരുന്നു.
ബ്രഹ്‌മപുരി രാംലീല കമ്മിറ്റിയാണ് ഹോളി ആഘോഷത്തോടനുബന്ധിച്ച് ബറേലിയില്‍ വാര്‍ഷിക ഘോഷയാത്ര സംഘടിപ്പിക്കുന്നത്.
‘ഞങ്ങള്‍ വെള്ളിയാഴ്ച ജില്ലയിലെ പുരോഹിതന്മാരുമായി ഒരു ചര്‍ച്ച നടത്തിയിരുന്നു. സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന രീതിയിലുളള ഒരു അക്രമസംഭവങ്ങളും നടക്കാതിരിക്കാന്‍ ഘോഷയാത്ര കടന്നുപോകുന്നതിന് മുന്‍പായി പള്ളികള്‍ മൂടാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് തയ്യാറാണെന്ന് അവര്‍ അറിയിച്ചിട്ടുമുണ്ട്. പൊലീസിനോട് സഹകരിക്കാന്‍ തയ്യാറാണെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്,’ പൊലീസ് സൂപ്രണ്ട് അറിയിച്ചു.
നഗരത്തിലെ പല ഭാഗങ്ങളിലായി നടക്കുന്ന ഘോഷയാത്രയെ പൊലീസ് ഉദ്യോഗസ്ഥര്‍ അനുഗമിക്കുമെന്നും അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഷാജഹാന്‍പൂരില്‍, ഫൂല്‍മതി ദേവി ക്ഷേത്രത്തില്‍ നിന്ന് ഹോളി ആഘോഷത്തിന്റെ ഭാഗമായി ഒരു ഘോഷയാത്ര പുറപ്പെടുന്നുണ്ട്. ഈ ഘോഷയാത്രയില്‍ എരുമ വണ്ടിക്ക് നേരെ പാദരക്ഷകള്‍ വലിച്ചെറിയുന്ന ചടങ്ങുകളുണ്ട്.
അതേസമയം അലിഗഢില്‍, ഹോളി ആഘോഷത്തിന്റെ ഭാഗമായി നാല് പള്ളികള്‍ പൂര്‍ണമായ മൂടിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ടൗണിലെ അബ്ദുള്‍ കരീം മസ്ജിദും മൂടുമെന്ന് പള്ളിയുടെ മുഖ്യ പുരോഹിതന്‍ ഹാജി ഇഖ്ബാല്‍ പറഞ്ഞു.
Content Highlight: UP Authorities ask mosques to be covered with sheets ahead of Hindu processions